ചെങ്ങന്നൂര്‍: സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്ന വെണ്‍മണി പുന്തലയില്‍ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ തുരത്തി നാട്ടുകാര്‍. ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനു യോജിപ്പുള്ള ആളല്ല താനെന്നു ലോക്കല്‍ കമ്മിറ്റി അംഗം വിശദീകരണത്തിനിടെ പറഞ്ഞതു പാര്‍ട്ടിയില്‍ വിവാദമായി.
കഴിഞ്ഞദിവസം വെണ്‍മണി പഞ്ചായത്ത് 9-ാം വാര്‍ഡ് പുന്തലയിലെത്തിയ ജനപ്രതിനിധികളും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവരെയാണു ശകാരവര്‍ഷവുമായി നാട്ടുകാര്‍ നേരിട്ടത്. ഒരു ന്യായീകരണവും കേള്‍ക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാന്‍ തയാറല്ലെന്നും ഇവര്‍ നേതാക്കളോടു പറഞ്ഞു. അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നിങ്ങളുടെ വസ്തു ഞങ്ങള്‍ക്ക് എഴുതി തരൂ, അപ്പോള്‍ വീടു വിട്ടിറങ്ങാം എന്നും ചിലര്‍ പറഞ്ഞു.
വിശദീകരണം ഉള്‍പ്പെടുത്തിയ ലഘുലേഖകള്‍ വാങ്ങാനും നാട്ടുകാര്‍ തയാറായില്ല. പ്രതിഷേധം കനത്തതോടെ സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കള്‍ തടിതപ്പി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കുന്നതിനിടെ നിങ്ങളുടെ വീടുകള്‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈന്‍ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല താന്‍ എന്നു ലോക്കല്‍ കമ്മിറ്റി അംഗം പറയുന്നതും വിഡിയോയിലുണ്ട്.
വെണ്‍മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ദൂരത്തിലാണു ലൈന്‍ കടന്നുപോകുന്നത്. 2.06 ഹെക്ടര്‍ ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകും.