തിരുവനന്തപുരം: നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്നു സര്‍ക്കാര്‍ വിജ്ഞാപനത്തില്‍തന്നെ വ്യക്തം. പദ്ധതിക്കായി ഇപ്പോള്‍ ഭൂമി ഏറ്റെടുക്കില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഏറ്റെടുക്കേണ്ട ഭൂമിയിലെ മരങ്ങള്‍ ഉള്‍പ്പെടെ മുറിച്ചുമാറ്റി, അടയാളങ്ങള്‍ നല്‍കിയുള്ള സര്‍വേയെക്കുറിച്ചു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, അതിരടയാളക്കല്ലുകളെക്കുറിച്ചു വിജ്ഞാപനത്തില്‍ പറയുന്നുമില്ല.
ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല സര്‍വേ എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വാദം പൊളിയുകയാണ്.1961ലെ കേരള സര്‍വേയും അതിര്‍ത്തിയും സംബന്ധിച്ച നിയമത്തിലെ 6(1)ാം വകുപ്പു പ്രകാരമാണു കഴിഞ്ഞ ഒക്ടോബര്‍ 5 നു സില്‍വര്‍ലൈന്‍ പദ്ധതിക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കേവലം സാങ്കേതികമെന്ന് സര്‍ക്കാര്‍
കേന്ദ്രാനുമതിക്കുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ എന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. സര്‍വേയുടെ ഉദ്ദേശ്യം ഭൂമി ഏറ്റെടുക്കലാണെന്നു വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടിയതു കേവലം സാങ്കേതികം മാത്രമാണെന്നാണു സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.