ന്യൂഡല്‍ഹി : കോവിഡ് പരത്തുന്ന ഒമിക്രോണ്‍ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വകഭേദമായ ‘എക്‌സ്ഇ’യ്‌ക്കെതിരെ ലോകരാജ്യങ്ങളുടെ മുന്‍കരുതല്‍. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസമാണ് എക്‌സ്ഇയെക്കുറിച്ചു മുന്നറിയിപ്പു നല്‍കിയത്. കോവിഡ് ബാധിച്ച ഒരേ ആളില്‍ തന്നെ ഡെല്‍റ്റയും ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് (ഡെല്‍റ്റക്രോണ്‍) റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാനമായി ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് എക്‌സ്ഇ വകഭേദം..
.ഡെല്‍റ്റയോളം വിനാശകാരിയായിരുന്നെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കേസുകള്‍ കുത്തനെ ഉയര്‍ത്തിയത് ഒമിക്രോണ്‍ വകഭേദത്തിന്റെ ‘ബിഎ.2′ ഉപവിഭാഗമായിരുന്നു. ഇന്ത്യയില്‍ മൂന്നാം തരംഗമായി മാറിയ വ്യാപനത്തിന്റെ കാരണക്കാരനെ ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് വിശേഷിപ്പിച്ചത്..
.’എക്‌സ്ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഇതു രോഗം കടുക്കുന്നതിനു കാരണമാകുന്നില്ലെന്നും വ്യാപനം പെട്ടെന്ന് അവസാനിക്കുമെന്നുമാണു വിദഗ്ധര്‍ പറയുന്നത്..