കണ്ണൂര്‍: സാമൂഹികാഘാത പഠനം എതിരായാലും സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തിരുത്ത്. പഠനത്തിന്റെ ഫലം പുറത്തുവരുന്നതു വരെ കാത്തിരിക്കണമെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയതോടെ പദ്ധതിയുടെ പേരില്‍ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങളിലെ ഭിന്നസ്വരം വ്യക്തമായി.
പദ്ധതിയോടു പ്രധാനമന്ത്രി അനുഭാവപൂര്‍ണമായ നിലപാടാണു സ്വീകരിച്ചതെന്നും സാമൂഹികാഘാത പഠനം എതിരായാലും പദ്ധതി ഉപേക്ഷിക്കില്ലെന്നുമാണു ഡല്‍ഹിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ്, സര്‍വേയുടെ ഫലം വരുന്നതു വരെ കാത്തിരിക്കണമെന്നു യച്ചൂരി മറുവാദമുന്നയിച്ചത്. കേന്ദ്ര ധനമന്ത്രാലയം നടത്തുന്ന പഠനത്തിന്റെ ഫലവും വരാനുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന യച്ചൂരിയുടെ നിലപാട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഇടതു സഹയാത്രികരുടെയും അഭിപ്രായങ്ങള്‍ക്കു ശക്തി പകരുന്നതാണ്.
കൊച്ചി സംസ്ഥാന സമ്മേളനത്തിനിടെ, പദ്ധതിയെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു വഴുക്കന്‍ മറുപടി നല്‍കിയ യച്ചൂരി, പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കുന്നതിനു മുന്‍പ് നിലപാട് കടുപ്പിച്ചതു ‘ബംഗാള്‍ അനുഭവ’ത്തിന്റെ പശ്ചാത്തലത്തിലാണെന്നാണു പാര്‍ട്ടിയിലെ സംസാരം. കേന്ദ്ര സര്‍ക്കാരുമായും വിദേശ ധനകാര്യ സ്ഥാപനങ്ങളുമായും ചേര്‍ന്നു നിന്നാല്‍ മാത്രമേ വികസനം സാധ്യമാകൂവെന്ന ജ്യോതി ബസു- ബുദ്ധദേവ് ലൈന്‍ പാര്‍ട്ടിക്കും ഭരണത്തിനും തിരിച്ചടിയായെന്ന ബംഗാള്‍ പ്രബല വിഭാഗത്തിന്റെ ആരോപണം ഇപ്പോഴും ശമിച്ചിട്ടില്ല. ബംഗാളില്‍നിന്നുള്ള ഈ ‘അനുഭവ വിവരണം’ കണ്ണൂരിലും ആവര്‍ത്തിക്കും.
പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചതിനു കടകവിരുദ്ധമായി ബുദ്ധദേവ് സര്‍ക്കാര്‍ വ്യവസായ നയം കൊണ്ടുവന്നപ്പോള്‍ അതിനു തടയിടാന്‍ കഴിയാതെ പോയെന്ന പഴി യച്ചൂരി ഉള്‍പ്പെടുന്ന കേന്ദ്ര നേതൃത്വം കേട്ടതാണ്. പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നയപരമായ കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും അതു നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ട കേന്ദ്ര നേതൃത്വം, ദേശീയതലത്തില്‍ പാര്‍ട്ടിയുടെ ദുര്‍ബലാവസ്ഥ മൂലം നിലവില്‍ നിസ്സഹായരാണ്. ഭരണം അവശേഷിക്കുന്ന കേരളത്തിലെ പാര്‍ട്ടി ഘടകത്തെ പിണക്കി മുന്നോട്ടുപോകാന്‍ യച്ചൂരിക്കു താല്‍പര്യമില്ലെങ്കിലും നേതൃത്വത്തിന്റെ മുന്‍ തീരുമാനങ്ങളും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതുള്‍പ്പെടെ പാര്‍ട്ടി രേഖകളും ഓര്‍ക്കേണ്ടതുണ്ട്.