കണ്ണൂര്‍: പശ്ചിമ ബംഗാളില്‍ പാര്‍ട്ടിയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് പശ്ചിമ ബംഗാള്‍ ഘടകത്തിന് സംഭവിച്ച വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചത്. പാര്‍ട്ടിയുടെ നയം ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മുന്നണിയുണ്ടാക്കിയത് സംഘടനാ വിരുദ്ധമാണ്.
ഈ സംഘടനാ വിരുദ്ധ നടപടിയില്‍ ഇടപെടാതെ പാര്‍ട്ടി കേന്ദ്ര നേതൃത്വം മാറിനിന്നു. സംഘടനയെ വളര്‍ത്തുന്നതിന് കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും കെ.എന്‍ ബാലഗോപാല്‍ വിമര്‍ശനമുന്നയിച്ചു.ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ പാര്‍ട്ടി തമിഴ്നാട് ഘടകം വിമര്‍ശനം ഉന്നയിച്ചു. പദ്ധതിയില്‍ വ്യക്തത വരുത്തണമെന്നാണ് തമിഴ്നാട്ടിലെ പാര്‍ട്ടി പ്രതിനിധി അഭിപ്രായപ്പെട്ടത്. സിംഗൂരും നന്ദിഗ്രാമിലുമുണ്ടായ അനുഭവം ഓര്‍ക്കണമെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകവും സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി.
അതേസമയം ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള ബന്ധം’ എന്ന വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കോണ്‍ഗ്രസ് നേതാവ് കെ.വി തോമസും കണ്ണൂരെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് സെമിനാറില്‍ പങ്കെടുത്തതെന്നും കോണ്‍ഗ്രസ് ആശയങ്ങളാകും സെമിനാറില്‍ സംസാരിക്കുകയെന്നും കെ.വി തോമസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അച്ചടക്ക നടപടിയെ പേടിക്കുന്നില്ലെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കരുതി ഇപ്പോഴേ ഇപ്പോഴേ മുട്ടുമടക്കാനില്ലെന്നും കെ.വി തോമസ് പറഞ്ഞു.