മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴു വിക്കറ്റ് ജയം. മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കിനില്‍ക്കെ ബാംഗ്ലൂര്‍ മറികടന്നു. ഓപ്പണര്‍ അനൂജ് റാവത്തിന്റെ അര്‍ധസെഞ്ചുറി മികവിലാണ് ബാംഗ്ലൂര്‍ ടീം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയത്. 47 പന്തുകള്‍ നേരിട്ട അനൂജ് റാവത്ത് 66 റണ്‍സുമായാണു മടങ്ങിയത്. നാലു മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് നാലും തോറ്റു.
സ്‌കോര്‍ 50 ല്‍ നില്‍ക്കെ 16 റണ്‍സെടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയെ ജയ്‌ദേവ് ഉനദ്ഘട്ട് പുറത്താക്കി. തുടര്‍ന്ന് അനൂജ് റാവത്തും വിരാട് കോലിയും ചേര്‍ന്ന് ബാംഗ്ലൂരിനെ നൂറു കടത്തി. 38 പന്തുകളില്‍നിന്ന് അനൂജ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. സ്‌കോര്‍ 130 ല്‍ നില്‍ക്കെയാണ് ബാംഗ്ലൂരിന്റെ രണ്ടാം വിക്കറ്റ് വീഴ്ത്താന്‍ മുംബൈയ്ക്കു സാധിച്ചത്. അനൂജ് റാവത്തിനെ രമണ്‍ദീപ് സിങ് റണ്ണൗട്ടാക്കുകയായിരുന്നു. അര്‍ധസെഞ്ചുറിക്കരികെ നില്‍ക്കെ 48 റണ്‍സില്‍ കോലിയെ മുംബൈയുടെ യുവസ്പിന്നര്‍ ഡെവാള്‍ഡ് ബ്രെവിസ് എല്‍ബിയില്‍ കുടുക്കി.
തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്കും (രണ്ട് പന്തില്‍ ഏഴ്), ഗ്ലെന്‍ മാക്‌സ്‌വെല്ലും (രണ്ട് പന്തില്‍ എട്ട്) ചേര്‍ന്നാണു ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. ജയത്തോടെ ബാംഗ്ലൂര്‍ ആറു പോയിന്റുമായി പട്ടികയില്‍ മൂന്നാമതെത്തി. മുംബൈ ഇന്ത്യന്‍സ് പോയിന്റൊന്നുമില്ലാതെ ഒന്‍പതാം സ്ഥാനത്താണ്.