മുംബൈ: അശ്വിനെ മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറക്കിയുള്ള പരീക്ഷണത്തിനൊന്നും രാജസ്ഥാനെ രക്ഷിക്കാനായില്ല. ജോസ് ബട്ലര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ നിറംമങ്ങിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 37 റണ്‍സിന്റെ തോല്‍വി. ഗുജറാത്ത് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ ഇന്നിങ്‌സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ അവസാനിച്ചു.
24 പന്തില്‍ മൂന്നു സിക്‌സും എട്ടു ഫോറും സഹിതം 54 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്ലറുടെ ഇന്നിങ്‌സ് മാത്രമാണ് രാജസ്ഥാന്‍ ഇന്നിങ്‌സില്‍ ഓര്‍ത്തുവയ്ക്കാനുള്ളത്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്നു നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. ഒന്നാമതായിരുന്ന രാജസ്ഥാന്‍, മൂന്നാമതായി.
ഇന്നിങ്‌സിന്റ രണ്ടാം ഓവറില്‍തന്നെ രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ അരങ്ങേറ്റക്കാരന്‍ യഷ് ദയാല്‍ സംപൂജ്യനായി മടക്കി. പിന്നീട് ക്രീസിലെത്തിയത് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രന്‍ അശ്വിന്‍. അശ്വിനെ മറുവശത്ത് നിര്‍ത്തി, ജോസ് ബട്ലര്‍ ബാറ്റിങ് വെടിക്കെട്ടു നടത്തിയതോടെ രാജസ്ഥാന്‍ അതിവേഗം വിജയത്തിലെത്തുമെന്നു തോന്നിച്ചു. ആറാം ഓവറില്‍ അശ്വിനെ ഫെര്‍ഗൂസന്‍ മില്ലറുടെ കൈകളില്‍ എത്തിച്ചു. അതേ ഓവറില്‍ തന്നെ ബട്ലറുടെ വിക്കറ്റും ഫെര്‍ഗൂസന്‍ തെറിപ്പിച്ചതോടെ മത്സരം ഗുജറാത്ത് വരുതിയിലാക്കി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (11 പന്തില്‍ 11), സി വാന്‍ഡെര്‍ ദസന്‍ (10 പന്തില്‍ 6), ഷിമ്രോണ്‍ ഹെറ്റ്മെയര്‍ (17 പന്തില്‍ 29), റിയാന്‍ പരാഗ് (16 പന്തില്‍ 18), ജിമ്മി നീഷം (15 പന്തില്‍ 17), യുസ്വേന്ദ്ര ചെഹല്‍ (8 പന്തില്‍ 5), പ്രസിദ് കൃഷ്ണ (4 പന്തില്‍ 7), കുല്‍ദീപ് സെന്‍ (0) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഗുജറാത്തിനായി ലോക്കി ഫെര്‍ഗൂസണും അരങ്ങേറ്റക്കാരന്‍ യഷ് ദയാലും മൂന്നു വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.