സിഡ്നി: സൂര്യന്റെ കാന്തികമണ്ഡലം സജീവമായതിനെത്തുടര്‍ന്നുണ്ടായ സൗരജ്വാലകളില്‍ (സോളര്‍ ഫ്ലെയര്‍) ഇന്നലെ ഓസ്ട്രേലിയയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും 30 മെഗാഹെട്സില്‍ താഴെയുള്ള റേഡിയോ വിനിമയങ്ങള്‍ തകരാറിലായി. 2025 വരെ സുര്യന്റെ കാന്തികമണ്ഡലം ഓരോ ദിവസവും സജീവമായിക്കൊണ്ടിരിക്കുമെന്നാണു ശാസ്ത്രജ്ഞര്‍ പറയുന്നത്. സൗരജ്വാലകളും സൗരവാതങ്ങളും കൊറോണല്‍ മാസ് ഇജക്ഷന് എന്ന പ്രതിഭാസവുമൊക്കെ ഇക്കാലയളവില്‍ ഇടയ്ക്കിടെയുണ്ടാകാനുള്ള സാധ്യത ഏറെയാണ്.
സൂര്യന്റെ വിദൂരഭാഗത്തെ സ്ഫോടനത്തെത്തുടര്‍ന്നാണ് സൗരജ്വാലകള്‍ രൂപംകൊള്ളുന്നത്. സൂര്യന്റെ ഭ്രമണത്തിന്റെ ഭാഗമായി ഇവ ഭൂമിയില്‍ എത്തുന്നു. വരുംദിവസങ്ങളിലും ഇതു തുടരാമെന്നും സൗരവാതത്തിനും സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കി.
ശക്തമായ സൗരജ്വാലകള്‍ അന്തരീക്ഷത്തിലെത്തി റേഡിയോ തരംഗങ്ങള്‍ സഞ്ചരിക്കുന്ന അന്തരീക്ഷമേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വാര്‍ത്താവിനിമയ ബന്ധം താല്‍ക്കാലികമായി തടസ്സപ്പെടുത്തുന്നതിന് ഇതു കാരണമാകാറുണ്ട്. ഇത് വ്യോമ, നാവിക ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാം.