അടൂര്‍: തുമ്പും വാലുമില്ലാതെ ഉഴറിയെങ്കിലും പ്രമാദമായ ഒരു മോഷണക്കേസ് കൃത്യം നടന്ന് ഏഴാം ദിവസം തെളിയിക്കാനായതിന്റെ ത്രില്ലിലാണ് കേരളാ പൊലീസ്. ഒരു കെഎസ്ആര്‍ടിസി ബസ് പോയ വഴിയേ സഞ്ചരിച്ച് തുമ്പുണ്ടാക്കുകയും പിന്നാലെ പ്രതിയെ അയാളുടെ ഒളിസങ്കേതത്തില്‍ നിന്ന് പൊക്കുകയുമായിരുന്നു. ടൗണിലെ കാമറാ സ്‌കാന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് വിലകൂടിയ കാമറകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു കടന്ന പ്രതി ഉപകരണങ്ങള്‍ കച്ചവടമാക്കാന്‍ പോയതാണ് പിടിയിലാകാന്‍ കാരണമായത്.
കോട്ടയം വൈക്കം ഉദയനാപുരം ഷാജാസ് ഭവനില്‍ ഷിജാസി (36)നെയാണ് ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിലെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.
സെപ്റ്റംബര്‍ 20 ന് പുലര്‍ച്ചെയാണ് കായംകുളം-അടൂര്‍ റോഡില്‍ സെന്റ് മേരീസ് സ്‌കാനിങ് സെന്ററിന് സമീപമുള്ള കോട്ടയം പള്ളം സ്വദേശി എബി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കാമറ സ്‌കാനില്‍ നിന്ന് കൊള്ള നടന്നത്. ഷട്ടറിന്റെ പൂട്ടു തകര്‍ത്ത് കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന നിക്കോണ്‍, കാനോന്‍, ലുമിക്സ്, സോണി, പാനാസോണിക് തുടങ്ങിയ കമ്പനികളുടെ കാമറകളും വിലകൂടിയ ബാറ്ററികളും ലെന്‍സും ചാര്‍ജറുകളും ചാക്കിലാക്കിയാണ് പ്രതി കടന്നത്. ഇയാള്‍ക്ക് ഒരു സഹായിയുണ്ടായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
പിറ്റേന്ന് രാവിലെ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് ആകെ കുഴങ്ങി. മോഷ്ടിച്ചു പുറത്തു കടക്കുന്ന സിസിടിവി ദൃശ്യം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു വഴികളിലൂടെ പ്രതി കടന്നിരിക്കാമെന്ന് പൊലീസ് കണക്കു കൂട്ടി. അടൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം വഴി രക്ഷപ്പെട്ടിരിക്കാം. മറ്റൊന്ന് അടൂരില്‍ നിന്ന് കായംകുളത്ത് ചെന്ന് ട്രെയിന്‍ കയറി പോയിരിക്കാം. രണ്ടു സാധ്യതകളും പരിശോധിച്ചു. നാനൂറോളം സ്ഥലങ്ങളില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു. ഇരുപതോളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
പ്രതികള്‍ എറണാകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ച പോലീസ് എറണാകുളം, അരൂര്‍, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, കാലടി മേഖലകളില്‍ അന്വേഷിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരത്തേ നടന്നിട്ടുള്ള കാമറ മോഷണം നടത്തിയവരെ കുറിച്ചും പഠിച്ചു. വ്യക്തമായ തെളിവുകള്‍ കിട്ടാത്തതെ വന്നപ്പോള്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള ടവര്‍ ഡമ്പിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. മോഷ്ടിച്ച മുതലുകള്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ കൊണ്ടു വില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ആ വഴിക്കും അന്വേഷണ സംഘം നീങ്ങി.
ഇതിനിടെയാണ് പന്തളം കുരമ്പാലയിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്നും നിര്‍ണായകമായ ഒരു സിസിടിവി ദൃശ്യം ലഭിച്ചത്. ഏതയാണ്ട് മോഷണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് കടന്നു പോയ ബസിന്റെ പിന്നിലെ എമര്‍ജന്‍സി വിന്‍ഡോയുടെ ഭാഗത്ത് രണ്ടു ചാക്കു കെട്ട്. ആ ചാക്കു കെട്ട് ഇരുന്ന ബസ് ഏതെന്നായി അന്വേഷണം. ബസ് കണ്ടു പിടിച്ചു. പിന്നെ ബസ് സഞ്ചരിച്ച വഴികളിലൂടെ മുന്നോട്ടു നീങ്ങി. ഇയാളുടെ ഒളിത്താവളം പാലക്കാട് ആണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെയും മോഷ്ടിച്ച കാമറകളില്‍ ഒന്ന് പ്രതി വില്‍പ്പനയ്ക്കായി കൊണ്ടു ചെന്ന കടയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസിലാക്കി പാലക്കാട് വണ്ടിത്താവളം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വിവിധ സ്ഥലങ്ങളില്‍ നിന്നും വാടകയ്ക്കെടുത്ത വാഹനങ്ങളില്‍ പ്രതി പാലക്കാട് നിന്നും പെരുമ്പാവൂര്‍, എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. മോഷണം നടന്ന് ഏഴാം ദിവസം മൂവാറ്റുപുഴയിലുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ലോഡ്ജില്‍ നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.