ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ ദിവസവും പ്രസിദ്ധീകരിക്കാത്തതിന് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.ഈമാസം 13 മുതല്‍ അഞ്ചുദിവസം കേരളം കണക്കു പുതുക്കിയില്ലെന്നും ഞായറാഴ്ച കണക്കുകള്‍ പുറത്തുവിട്ടത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞു. ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയ്ക്ക് കത്തയച്ചത്.
രാജ്യത്തെ പ്രതിദിന കേസുകളില്‍ തിങ്കളാഴ്ച 90 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഞായറാഴ്ച 1150 ആയിരുന്ന എണ്ണം തിങ്കളാഴ്ച 2180 ആയി ഉയര്‍ന്നു. ഇതില്‍ 940 കേസും കേരളത്തിലാണ്. അഞ്ചുദിവസത്തിനുശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകള്‍ പുറത്തുവിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് കത്തില്‍ പറയുന്നു.