മൈസൂരു: കര്‍ണാടകത്തിലെ ചാമരാജനഗറിലുള്ള ബന്ദിപ്പുര്‍ ദേശീയോദ്യാനത്തില്‍ കാട്ടാന ഇരട്ടക്കുട്ടികള്‍ക്ക് ജന്മംനല്‍കി. വളരെ അപൂര്‍വമായ ഇത്തരം പ്രസവം മുമ്പ് ഏതാനുംതവണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനത്തില്‍ സഫാരിക്കെത്തിയവര്‍ തള്ളയാനയുടെയും കുട്ടികളുടെയും ചിത്രം പകര്‍ത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ആനകളുടെ പ്രസവത്തില്‍ ഒരുശതമാനം മാത്രമേ ഇരട്ടക്കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ളൂവെന്ന് വന്യജീവിസംരക്ഷണപ്രവര്‍ത്തകര്‍ പറയുന്നു. കാട്ടാനയ്ക്ക് ഇരട്ടക്കുട്ടികളുണ്ടായ സംഭവം കര്‍ണാടക വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വരുന്ന ഏതാനുംദിവസങ്ങള്‍ ആനക്കുട്ടികളെ സംബന്ധിച്ച് നിര്‍ണായകമാണെന്നും അതിനാല്‍ തള്ളയാനയെയും കുട്ടികളെയും നിരീക്ഷിക്കുമെന്നും ബന്ദിപ്പുര്‍ വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
കുഴിയിലകപ്പെട്ട ഇരട്ടക്കുട്ടികളെ തള്ളയാന കരയ്ക്ക് കയറ്റാന്‍ പരിശ്രമിക്കുന്നതിനിടെയാണ് സഫാരിക്കെത്തിയവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സന്ദര്‍ശകര്‍ക്കൊപ്പമുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരന്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ദിപ്പുര്‍ ദേശീയോദ്യാനം ഫീല്‍ഡ് ഡയറക്ടര്‍ ഡോ. രമേഷ് കുമാര്‍, അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ നവീന്‍, റേഞ്ച് ഓഫീസര്‍ ശശിധര്‍ എന്നിവര്‍ സ്ഥലത്തെത്തി തള്ളയാനയെ അകറ്റിനിര്‍ത്തിയശേഷം ആനക്കുട്ടികളെ കരയ്ക്ക് കയറ്റുകയായിരുന്നു.
Double delight ❤️ Rare elephant twins born at the Bandipur Tiger Reserve. The New Indian Express https://t.co/TwPd86mgqi pic.twitter.com/MLUIndED6g
— Supriya Sahu IAS (@supriyasahuias) April 20, 2022