ന്യൂയോര്‍ക്ക്: യുക്രെയ്ന്‍ യുദ്ധം തീരുന്നതിനു മുന്‍പ്, ആര്‍എസ് 28 സാര്‍മാറ്റ് എന്ന ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) റഷ്യ പരീക്ഷിച്ചത് ആശങ്കയുയര്‍ത്തുന്നു. സാത്താന്‍ -2 എന്നും അറിയപ്പെടുന്ന മിസൈലിനു ലോകത്ത് ഏതു ലക്ഷ്യവും തകര്‍ക്കാനുള്ള ശേഷിയുണ്ടെന്നാണു റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ അവകാശപ്പെട്ടത്. നിലവിലെ യാതൊരു പ്രതിരോധ സംവിധാനങ്ങളും ഈ മിസൈലിനെ തടുക്കാന്‍ ഉപകരിക്കില്ലെന്നും വാദമുണ്ട്.
വിവിധ ലോകരാജ്യങ്ങളും ശാക്തിക ചേരികളും ഐസിബിഎം പരീക്ഷണങ്ങളും വികസനവും വര്‍ധിത തോതില്‍ നടത്തുന്ന, മിസൈല്‍ കിടമത്സരത്തിലേക്കും പ്രതിസന്ധിയിലേക്കും പോകാന്‍ സാര്‍മാറ്റ് വഴിയൊരുക്കുമോ എന്നാണ് യുദ്ധനിരീക്ഷകര്‍ മുന്നോട്ടു വയ്ക്കുന്ന ചോദ്യം. ഇതുവരെ ഐസിബിഎമ്മുകള്‍ യുദ്ധത്തില്‍ ഉപയോഗിച്ചിട്ടില്ല.
ആണവായുധം വഹിക്കാനായാണ് ഐസിബിഎമ്മുകള്‍ ഉദ്ദേശിക്കപ്പെടുന്നതെന്നാണ് ആശങ്ക കൂട്ടുന്ന കാര്യം. നിലവില്‍ റഷ്യ, യുഎസ്, ചൈന, ഫ്രാന്‍സ്, ഇന്ത്യ, ബ്രിട്ടന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്കാണ് ഐസിബിഎം ഉള്ളത്.