അബുദാബി: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈയ്ക്കായി സൗരഭ് തിവാരി 37 പന്തില്‍ 45 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 40 റണ്‍സും നേടി. ക്വിന്റന്‍ ഡികോക്ക് (29 പന്തില്‍ 27), കീറണ്‍ പൊള്ളാര്‍ഡ് (ഏഴ് പന്തില്‍ 15) എന്നിവരാണു മുംബൈയുടെ മറ്റു പ്രധാന സ്കോറര്‍മാര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ എട്ട് റണ്‍സ് മാത്രമെടുത്തു പുറത്തായി.
സീസണില്‍ മുംബൈയുടെ നാലാം ജയമാണിത്. പത്ത് മത്സരങ്ങളില്‍നിന്ന് എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ ഉള്ളത്. ഇത്രയും പോയിന്റുകളുള്ള പഞ്ചാബ് അഞ്ചാം സ്ഥാനത്താണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും മന്ദീപ് സിങ്ങും പഞ്ചാബിന് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെയെത്തിയ ബാറ്റ്സ്മാന്മാര്ക്ക് ഇതു തുടരാനായില്ല. കെ.എല്‍. രാഹുല്‍ 22 പന്തില്‍ 21 റണ്‍സും മന്ദീപ് സിങ് 14 പന്തില്‍ 15 റണ്‍സും എടുത്തു പുറത്തായി.
ക്രിസ് ഗെയില്‍ ഒരു റണ്‍ മാത്രം സ്വന്തമാക്കി ഗ്രൗണ്ട് വിട്ടു. മധ്യനിരയില്‍ എയ്ഡന്‍ മര്‍ക്രാമും ദീപക് ഹൂഡയും നടത്തിയ പോരാട്ടമാണ് പഞ്ചാബ് സ്കോറിനെ മുന്നോട്ടുനയിച്ചത്. 29 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്ത മര്‍ക്രാമാണ് പഞ്ചാബിന്റെ ടോപ് സ്കോറര്‍. 26 പന്തുകള്‍ നേരിട്ട ദീപക് ഹൂഡ 28 റണ്‍സെടുത്തു പുറത്തായി. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യയും രാഹുല്‍ ചാഹറും ഓരോ വിക്കറ്റും നേടി.