തിരുവനന്തപുരം: ആറു വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ധന സര്‍ചാര്‍ജും സെസും പിരിക്കുന്നത് നിര്‍ത്താന്‍ കേന്ദ്രം തയാറാകണമെന്നും ബന്ധപ്പെട്ട വേദികളില്‍ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കി.
അവകാശമില്ലാത്ത പണമാണ് സെസും സര്‍ചാര്‍ജുമായി കേന്ദ്രം പിരിക്കുന്നതെന്നു മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഈ രീതി അംഗീകരിക്കാനാകില്ല. കേരളത്തിന് അര്‍ഹമായ നികുതിവിഹിതം കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നില്ല. നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനമാണ് കേരളം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു തവണ നികുതി കുറച്ചു. ഈ സാഹചര്യത്തില്‍ നികുതി കൂട്ടുന്നതിനെക്കുറിച്ച് കേരളത്തിന് ആലോചിക്കാനാകില്ല.
ഇന്ധനനികുതി സംബന്ധിച്ചു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേന്ദ്രമാണ് ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത്. രക്ഷകര്‍ത്താക്കളെപോലെ പെരുമാറേണ്ട കേന്ദ്രം സംസ്ഥാനങ്ങളുടെ നികുതി അധികാരം കവരുകയാണ്. അര്‍ഹതയില്ലാത്ത നികുതിയാണ് കേന്ദ്രം പിരിക്കുന്നത്. ജിഎസ്ടി വന്നതോടെ ഇന്ധന നികുതിയും മദ്യത്തില്‍നിന്നുള്ള നികുതിയും മാത്രമാണ് സംസ്ഥാനത്തിനു പിരിക്കാന്‍ കഴിയുന്നത്. അതിലാണ് വീണ്ടും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. ഭരണഘടനാ വിരുദ്ധമായ കാര്യമാണ് കേന്ദ്രം ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.