കൊച്ചി: പീഡനക്കേസില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സൗത്ത് പൊലീസാണു കേസെടുത്തത്. സമൂഹമാധ്യമത്തിലെ ലൈവിലാണ് അതിജീവിതയുടെ പേര് വിജയ് ബാബു പരാമര്‍ശിച്ചത്.
വിഡിയോ വിവാദമായതിനു പിന്നാലെ നീക്കം ചെയ്തിരുന്നു. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവില്‍ പ്രതികരിച്ചത്. ഈ പരാതിയെ തുടര്‍ന്ന് തന്റെ കുടുംബവും തന്നെ സ്‌നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണെന്നും താരം പറഞ്ഞു.
മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കയ്യിലുണ്ട്. ഡിപ്രഷനാണെന്ന് പറഞ്ഞ് പരാതിക്കാരി ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. പരാതിക്കാരി തനിക്കയച്ചിരിക്കുന്ന സന്ദേശങ്ങള്‍ അവരുടെ കുടുംബത്തിന്റെ സങ്കടം കരുതി പുറത്തുവിടുന്നില്ല. അതിനു ശേഷം നടന്ന സംഭവങ്ങളും പറയുന്നില്ലെന്നും വിജയ് ബാബു വിഡിയോയില്‍ പറഞ്ഞിരുന്നു.
യുവതിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരുന്നു. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഏപ്രില്‍ 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.