പഴകുളം ബാങ്ക് തട്ടിപ്പില്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടി: മൂന്നു ജീവനക്കാരെ പിരിച്ചു വിട്ടു: റവന്യൂ റിക്കവറിക്കും ശിപാര്‍ശ

1 second read
0
0

അടൂര്‍: പഴകുളം കിഴക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ മിത്രപുരം, ഹൈസ്‌കൂള്‍ ജങ്ഷന്‍ ശാഖകളില്‍ നടത്തിയ ക്രമക്കേടുകളുടെ പേരില്‍ മൂന്നു ജീവനക്കാരെ ബാങ്ക് ഭരണ സമിതി പുറത്താക്കി. ഹൈസ്‌കൂള്‍ ജങ്ഷന്‍ ശാഖാ മാനേജര്‍ എസ്. ഷീല, പ്യൂണ്‍ മുകേഷ് ഗോപിനാഥ്, മിത്രപുരം ശാഖയിലെ ജീവനക്കാരന്‍ ഗിരീഷ് കൃഷ്ണന്‍ എന്നിവരെയാണ് പിരിച്ചു വിട്ടത്.

സി.പി.എം നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ ഭരണ കാലത്താണ് ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നത്. മിത്രപുരം ശാഖയില്‍ 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. ആരോപണ വിധേയനായ ജീവനക്കാരന്‍ ഗിരീഷ് കൃഷ്ണന്‍ പണം മുഴുവന്‍ തിരികെ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കിയിരിക്കുന്നത്.

ഹൈസ്‌കൂള്‍ ജങ്ഷന്‍ ശാഖയില്‍ നിന്ന് പ്യൂണ്‍ മുകേഷ് ഗോപിനാഥ് 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. തുകയുടെ വ്യാപ്തി ഇതിലുമധികമാണെന്ന് പറയുന്നു. മാനേജര്‍ ആയിരുന്ന ഷീല തട്ടിപ്പില്‍ പങ്കാളി ആയിരുന്നില്ല. മുകേഷിന്റെ തട്ടിപ്പ് മനസിലാക്കിയിട്ടും റിപ്പോര്‍ട്ട് ചെയ്തില്ല എന്നുള്ളതാണ് ഷീലയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം.

ഗിരീഷ് കൃഷ്ണന്‍ 40 ലക്ഷം തട്ടിയെടുത്തുവെന്ന് പറഞ്ഞാണ് പുറത്താക്കിയിരിക്കു
ന്നത്. എന്നാല്‍ 65 ലക്ഷത്തിന്റെ തട്ടിപ്പാണ് മിത്രപുരത്ത് നടന്നതെന്ന് പറയുന്നു.
യു.ഡി.എഫ് ഭരിച്ചിരുന്ന പഴകുളം ബാങ്ക് ഭരണ സമിതി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പിരിച്ചു വിട്ട് സി.പി.എം നേതൃത്വം നല്‍കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയുടെ കീഴിലാക്കിയിരുന്നു. ഈ കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ നടന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം ഭരണം പിടിക്കുകയും കായംകുളം എംഎസ്എം കോളജ് അധ്യാപകന്‍ രാധാകൃഷ്ണന്‍ ബാങ്ക് പ്രസിഡന്റാവുകയും ചെയ്തു.

ഗുണഭോക്താക്കളുടെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് അവര്‍ അറിയാതെ ലോണെടുത്തും നിക്ഷേപിക്കാന്‍ നല്‍കിയ പണത്തിന് വ്യാജരസീത് നല്‍കിയും സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തിയുമാണ് മുകേഷ് തട്ടിപ്പ് നടത്തിയത്. ഇങ്ങനെ എടുത്ത പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങിയതായി കണ്ടെത്തി.

ബാങ്ക് ശാഖാ മാനേജര്‍ ഷീലയ്ക്ക് തട്ടിപ്പില്‍ പങ്കില്ലെന്ന് മുകേഷ് പറഞ്ഞിട്ടുണ്ട്. പോലീസ് കേസെടുത്തതിന് പിന്നാലെ ഷീലയെയും മുകേഷിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷം വകുപ്പു തല അന്വേഷണം നടത്തി.
താന്‍ നിരപരാധിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഷീല നല്‍കിയെങ്കിലും അതെല്ലാം തള്ളി സസ്പെന്‍ഷന്‍ തീയതി വച്ച് മുന്‍കാല പ്രാബല്യത്തോടെ ഇരുവരെയും പുറത്താക്കുകയായിരുന്നു.

2017-20 കാലഘട്ടത്തില്‍ ഇടപാടുകാരുടെ എസ്.ബി അക്കൗണ്ടില്‍ കൃത്രിമം നടത്തിയും വ്യാജരേഖ ചമച്ചും വ്യാജ ഒപ്പിട്ടും വ്യാജലോണ്‍ തരപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തിയത്. സഹകരണ സംഘം അസി. രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…