പത്തനംതിട്ട : കോന്നി എംഎല്‍എ കെ.യു. ജനീഷ് കുമാറിനെതിരേ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. എംഎല്‍എയുടെ പതിവായുള്ള ശബരിമല ദര്‍ശനമാണ് വിമര്‍ശനത്തിന് കാരണം.
ജിനേഷ് കുമാര്‍ ശബരിമലയില്‍ സ്ഥിരം സന്ദര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്തെ പാര്‍ട്ടി നിലപാടുകള്‍ക്ക് വിപരീതമാണ് എംഎല്‍എയുടെ ഈ സമീപനമെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു.
ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തില്‍ നിന്നുണ്ടാകേണ്ട സമീപനമല്ല ഉണ്ടായിരിക്കുന്നത്. സന്നിധാനത്ത് പോയി കൈകൂപ്പി നില്‍ക്കുന്നതിലൂടെ എന്ത് സന്ദേശമാണ് എംഎല്‍എ നല്‍കുന്നതെന്നും സമ്മേളനത്തില്‍ കോഴിക്കോട് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. മറ്റ് അംഗങ്ങളും ഇതിനെ അനുകൂലിക്കുകയാണ് ഉണ്ടായത്.
ഇത് കൂടാതെ മന്ത്രി മുഹമ്മദ് റിയാസിനും അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹീമിനെതിരേയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ രണ്ടു നേതാക്കളും ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. മുഹമ്മദ് റിയാസ്, എഎ റഹിം, എസ് സതീഷ് എന്നിവരടങ്ങുന്ന കോക്കസ് സംഘടനയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്നാണ് സംസ്ഥാന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ റിയാസിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചതിന് ശേഷം നടന്ന പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ജില്ലാ സമ്മേളനങ്ങളിലും എ.എ.റഹീമിനെതിരെ സമാനമായ വിമര്‍ശനം പലയിടത്തും ഉയര്‍ന്നിരുന്നു. സംഘടനയില്‍ വ്യക്തിപരമായി സ്വാധീനം ഉറപ്പിക്കാന്‍ മുഹമ്മദ് റിയാസും എ.എ. റഹീമും ശ്രമിക്കുന്നതായും വിമര്‍ശനമുണ്ട്. ഇതെല്ലാം ഡി വൈ എഫ് ഐിലെ വിഭാഗീയത ശക്തമാകുന്നതിന് തെളിവാണ്. ഈ സാഹചര്യത്തെ സിപിഎം എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് നിര്‍ണ്ണായകം.
മന്ത്രി മുഹമ്മദ് റിയാസിനെ വലിയൊരു കടന്നാക്രമണം ആരും പ്രതീക്ഷിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയിലുള്ള സ്വാധീനം ഡിവൈഎഫ്ഐില്‍ പ്രതിഫലിക്കുന്നില്ല. ഡിവൈഎഫ്ഐയെ മൂന്ന് നേതാക്കളും ചേര്‍ന്നുള്ള കോക്കസ് ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനം ഗൗരവമുള്ളതാണ്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗപ്പെടുത്തുന്ന നില വന്നെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ സ്വയം വിമര്‍ശനം നടത്തിയിരുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ ഇക്കുറി അങ്ങനെയൊരു ആത്മപരിശോധനയില്ലെന്നും ഡിവൈഎഫ് ഐയിലെ തിരുത്തല്‍ ശക്തിക്കാര്‍ കുറ്റപ്പെടുത്തുന്നു.
സംഘടനയുടെ പേരില്‍ ചിലര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ക്വട്ടേഷന്‍ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിട്ട ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടിട്ടും സംഘടനയ്ക്കുള്ളില്‍ ക്വട്ടേഷന്‍ പിടിമുറുക്കുന്നതായി പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു.ഡിവൈഎഫ്ഐയുടെ പേര് മറയാക്കി ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല തവണ ഇത് കണ്ടെത്തിയിട്ടും തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.