തിരുവനന്തപുരം: സില്‍വര്‍ലൈനിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിനുകളോടിക്കാന്‍ സംസ്ഥാനം തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ‘വന്ദേഭാരത്’ ട്രെയിനുകള്‍ ഓടിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് ട്രെയിനുകളുണ്ടാകണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളത്തിന് രണ്ട് ട്രെയിന്‍ യൂണിറ്റുകളാണ് ലഭിക്കുക. ഇതോടെ വന്ദേഭാരതിന്റെ ഒരു സര്‍വ്വീസ് സംസ്ഥാനത്ത് നടത്താനാകും. റൂട്ട്, റെയില്‍വേ യാര്‍ഡ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.
മേധ എന്ന സ്വകാര്യ കമ്പനിയാണ് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, കപൂര്‍ത്തല കോച്ച് ഫാക്ടറി, റായ്ബറേലി മോഡേണ്‍ കോച്ച് ഫാക്ടറി എന്നിവിടങ്ങളിലായി വന്ദേഭാരത് ട്രെയിന്‍ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്. വര്‍ഷത്തില്‍ 88 യൂണിറ്റുകളുണ്ടാക്കും. 400 ട്രെയിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേക്ക് 13 യൂണിറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. അതില്‍ രണ്ടെണ്ണമാണ് കേരളത്തിന് ലഭിക്കുക.