തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ദ്ധന നിലവില്‍ വന്നു. ബസ് നിരക്ക് മിനിമം 10 രൂപ, ഓട്ടോ 30, ടാക്സി 200 എന്നിങ്ങനെയാണ് വര്‍ദ്ധന. സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ വരെയുള്ള ബസുകളുടെ മിനിമം നിരക്കാണ് വര്‍ദ്ധിപ്പിച്ചത്. എക്സ്പ്രസ്, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്, സൂപ്പര്‍ ഡീലക്സ് / സെമി സ്ലീപ്പര്‍, ലക്ഷ്വറി / ഹൈടെക് ആന്‍ഡ് എ.സി, സിംഗിള്‍ ആക്സില്‍, മള്‍ട്ടി ആക്സില്‍, ലോ ഫ്ളോര്‍ എ.സി സര്‍വീസുകളുടെ മിനിമം നിരക്കില്‍ വര്‍ദ്ധന ഇല്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ മാറ്റമില്ല.
മിനിമം ദൂരത്തിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ശരാശരി 10 പൈസ വീതം വര്‍ദ്ധിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലും സൂപ്പര്‍ഫാസ്റ്റിലും നിരക്കില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. ഫാസ്റ്റ് പാസഞ്ചറുകളുടെ മിനിമം നിരക്ക് 14 രൂപയില്‍ നിന്ന് 15 ആക്കിയതിനൊപ്പം കിലോമീറ്റര്‍ നിരക്ക് 95 പൈസയില്‍ നിന്ന് 105 പൈസയാക്കി. സൂപ്പര്‍ ഫാസ്റ്റുകളില്‍ മിനിമം നിരക്ക് 20 രൂപയില്‍ നിന്ന് 22. കിലോമീറ്റര്‍ നിരക്ക് 98 പൈസയില്‍ നിന്ന് 108. ഇതിനുപുറമേ സെസും കൂടിയാകുന്നതോടെ ടിക്കറ്റ് നിരക്കില്‍ പ്രകടമായ വ്യത്യാസം ഉണ്ടാകും. 25 രൂപാ വരെയുള്ള ടിക്കറ്റുകള്‍ക്ക് ഒരു രൂപയും 40 രൂപാവരെ രണ്ടും 80 രൂപാവരെ നാലും 100 രൂപയ്ക്ക് മുകളില്‍ അഞ്ച് രൂപയുമാണ് സെസ്. മിനിമം നിരക്കിലെ സഞ്ചാര ദൂരം 2.5 കിലോമീറ്ററില്‍ പരിമിതപ്പെടുത്തിയും ഫെയര്‍ സ്റ്റേജ് അപാകതകള്‍ പരിഹരിക്കാതെയുമുള്ള വര്‍ദ്ധന ഓര്‍ഡിനറി യാത്രകളെയും ചെലവേറിയതാക്കും.