തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ഗഡു ഡി.എ കുടിശ്ശികയായിരിക്കെ ഐ.എ.എസുകാര്‍ക്കും ഐ.പി.എസുകാര്‍ക്കും കഴിഞ്ഞ ജനുവരി മുതലുള്ള മൂന്ന് ശതമാനം ഡി.എ മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അനുവദിച്ചു. ഇവരുടെ ഡി.എ 31ല്‍ നിന്ന് 34 ശതമാനമായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന വരുത്തിയതിന് ആനുപാതികമായാണ് കേരള കേഡറിലെ ഉദ്യോഗസ്ഥര്‍ക്കും വര്‍ദ്ധന വരുത്തിയതെന്ന് ധനകാര്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം ശമ്പളപരിഷ്‌കരണം നടപ്പാക്കിയപ്പോഴാണ് 2020 ജൂലായ് വരെയുള്ള ഡി.എ ലഭിച്ചത്. ഒരു വര്‍ഷമായി ഡി.എ അനുവദിച്ചിട്ടില്ല.
2021 ജനുവരി മുതലുള്ള രണ്ടുശതമാനവും ജൂലായ് മുതലുള്ള മൂന്ന് ശതമാനവും 2022 ജനുവരിമുതലുള്ള മൂന്ന് ശതമാനം ഡി.എയും ഉള്‍പ്പെടെ എട്ട് ശതമാനം ഡി.എ വര്‍ദ്ധനയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടാനുള്ളത്.