തിരുവനന്തപുരം: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്സന് മാവുങ്കല്‍ ശില്പങ്ങള് വാങ്ങിയ വകയില്‍ 70 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് ശില്പി സുരേഷ്. തന്റെ ശില്പങ്ങള് തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ സുരേഷ് ക്രൈംബ്രാഞ്ചിനു പരാതി നല്കി.
മോന്‍സന്റെ അമേരിക്കയിലുള്ള ബന്ധുവഴിയാണ് പരിചയപ്പെടുന്നതെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. 2018 ഡിസംബര്‍ മുതല്‍ മോന്‍സനെ അറിയാം. താന്‍ ചെയ്ത ശില്‍പ്പം നേരില്‍ കണ്ട് ഇഷ്ടപ്പെട്ടാണ് മോന്സന് വാങ്ങിയത്. ഒന്നരമാസം കഴിഞ്ഞ് പൈസ തരാമെന്നാണ് പറഞ്ഞിരുന്നത്. ആറോളം ശില്പം വാങ്ങി. പലതവണ ചോദിച്ചെങ്കിലും അവധി പറഞ്ഞു. താന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ പണം ആവശ്യപ്പെട്ടു. അപ്പോള്‍ 7 ലക്ഷം രൂപ തന്നു. പിന്നീട് കോവിഡ് വന്നപ്പോള്‍ വീണ്ടും അവധി പറയുകയായിരുന്നു.
മോന്സന് തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. സാധാരണ തടിയിലാണ് ശില്പങ്ങള് ചെയ്തു കൊടുത്തത്. അതില്‍ നിറം അടിച്ചതായി പിന്നീട് അറിയാന്‍ കഴിഞ്ഞു. പരാതി കൊടുക്കാതിരുന്നാല്‍ തന്നെയും പൊലീസ് അറസ്റ്റു ചെയ്യുമെന്നു ഭയന്നാണ് പരാതി നല്‍കിയത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സനു ശില്പങ്ങള് നല്‍കിയതെന്നും വലിയ നഷ്ടമാണ് ഉണ്ടായതെന്നും സുരേഷ് പറയുന്നു.