പത്തനംതിട്ടയിലെ ട്രഷറി തട്ടിപ്പ് മുഖ്യസൂത്രധാരനെ ക്രൈംബ്രാഞ്ച് പൊക്കി

0 second read
0
0

പത്തനംതിട്ട: മരിച്ചു പോയ റിട്ട. അധ്യാപികയുടെ സ്ഥിര നിക്ഷേപവും
പലിശയും വ്യാജരേഖ ചമച്ച് ജില്ലാ ട്രഷറി, പെരുനാട് സബ് ട്രഷറി എന്നിവിടങ്ങളിലൂടെ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു.

പെരുനാട് സബ്ട്രഷറിയിലെ മുന്‍ കാഷ്യര്‍ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറിനെയാണ് ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത്. ഒളിവിലായിരുന്ന പ്രതിയെ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഹൈക്കോടതി ജാമ്യവ്യവസ്ഥ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാനാണ് സാധ്യത.

മരണമടഞ്ഞ റിട്ട.അധ്യാപികയും ഓമല്ലൂര്‍ സ്വദേശിനിയുമായ പെന്‍ഷണറുടെ സ്ഥിര നിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപയാണ് ഷബീര്‍ ആസൂത്രിതമായി തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഷഹീറിനെ കൂടാതെ കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ചി കെ. ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി.ദേവരാജന്‍, ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

പെരുനാട്, പത്തനംതിട്ട സ്റ്റേഷനുകളിലായി എടുത്ത രണ്ടു കേസുകള്‍ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസില്‍ മുഖ്യസൂത്രധാരനായ ഷഹീര്‍ ഒളിവില്‍ പോവുകയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

പെരുനാട് ട്രഷറി ഓഫീസര്‍ പെരുനാട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. മരണമടഞ്ഞ പെന്‍ഷണറുടെ മകന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് ഷഹീര്‍ ജില്ലാ ട്രഷറിയില്‍ അനധികൃത അക്കൗണ്ട് തുടങ്ങിയത്. ജില്ലാ ട്രഷറിയില്‍ അധ്യാപികയ്ക്ക് നാല് സ്ഥിര നിക്ഷേപങ്ങളുണ്ടായിരുന്നു. ഒന്ന് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ക്ലോസ് ചെയ്ത് പണം അനധികൃത അക്കൗണ്ടിലേക്ക് മാറ്റി. മറ്റ് മൂന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും പിന്‍വലിച്ച് ഇതേ അക്കൗണ്ടിലാക്കി. ഈ തുക പിന്നീട് ഏഴ് തവണകളായി ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കുകയും ചെയ്തു. മരിച്ച പെന്‍ഷണറുടെ മകളെ നോമിനിയാക്കി വച്ച പണമാണ് അപഹരിക്കപ്പെട്ടത്. ്രൈകംബ്രാഞ്ച് ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ മകന്‍ ഈ സംഭവം അറിയുന്നത്.

സസ്പെന്‍ഷനിലായ മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ് വേര്‍ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന തട്ടിപ്പില്‍ ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി ്രൈകംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ജില്ലാ ട്രഷറിയില്‍ മൂന്ന് തവണയും എരുമേലി സബ് ട്രഷറിയില്‍ രണ്ട് തവണയും മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളില്‍ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്.

ഇതില്‍ പെരുനാട്ടിലെ ചെക്ക് മാത്രമാണ് ഇയാള്‍ നേരിട്ട് മാറിയിരിക്കുന്നത്. അപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നതും. ബാക്കിയുള്ള ആറ് തവണയും ചെക്ക് ഇയാള്‍ തന്നെ മാറിയതാണോയെന്ന് വ്യക്തമല്ല. ഇതിനായി അതാത് സബ് ട്രഷറികളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചിട്ടുണ്ട്.
ഷഹീറിനൊപ്പം സസ്പെന്‍ഷനിലുള്ള മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംഭവം ഉണ്ടായി ഒരുമാസത്തിന് ശേഷം ജില്ലാ ട്രഷറി ഓഫീസര്‍ പത്തനംതിട്ട പോലീസിന് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്.

ഷഹീര്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണ
സംഘം കണ്ടെത്തിയിരുന്നു. കാണാതായ 38,000 രൂപയുടെ ചെക്ക് പെരുനാട് സബ് ട്രഷറിയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിലെ സി.പി.യുവില്‍ നിന്നാണ് കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌ക് പരിശോധനയിലും വേണ്ടത്ര തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

Load More Related Articles
Load More By Editor
Load More In Crime

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…