തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ നിതി ആയോഗ് 1.3 ലക്ഷം കോടി രൂപയാണ് കണക്കാക്കുന്നതെങ്കില്‍ തന്റെ നിഗമനത്തില്‍ 1.5 ലക്ഷം കോടി രൂപയാകുമെന്ന് റെയില്‍വേ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നേരത്തെ സംഘടിപ്പിച്ച ചര്‍ച്ചയില്‍നിന്ന് അലോക് കുമാര്‍ വര്‍മ പിന്‍മാറിയിരുന്നു. ക്ഷണിച്ച പാനലിസ്റ്റുകളില്‍ ചിലരെ ഒഴിവാക്കിയതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. ചര്‍ച്ചയില്‍ കെ റെയിലിനെ പ്രതിനിധീകരിച്ച് ആരും പങ്കെടുത്തില്ല.
സില്‍വര്‍ലൈന്‍ പദ്ധതി പ്രായോഗികമല്ലെന്നു പ്രാഥമിക പഠനത്തില്‍ ചൂണ്ടിക്കാണിച്ചെങ്കിലും കെ റെയില്‍ ഈ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് അയച്ചില്ലെന്നു അലോക് കുമാര്‍ വര്‍മ പറഞ്ഞു. ഫൈനല്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയായ സിസ്ട്ര 50 ദിവസം മാത്രമാണ് എടുത്തത്. 5000 പേജുള്ള റിപ്പോര്‍ട്ടില്‍ ഗേജിനെ പറ്റി ഒന്നോ രണ്ടോ വരികള്‍ മാത്രമാണുള്ളത്. ഗേജിന്റെ കാര്യത്തില്‍ റെയില്‍വേ ബോര്‍ഡാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യം അവരുടെ പരിഗണനയ്ക്ക് അയച്ചിട്ടില്ല. കണ്‍സള്‍ട്ടന്‍സി എല്ലാ കാര്യങ്ങളിലും കെ റെയിലിനു വഴങ്ങുകയാണ്. ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ കണ്‍സള്‍ട്ടന്‍സി എന്തിനാണെന്നു അലോക് കുമാര്‍ വര്‍മ ചോദിച്ചു.
സിസ്ട്രയ്ക്കുവേണ്ടി സില്‍വര്‍ലൈന്‍ പഠനം നടത്തുന്നവര്‍ക്ക് അതിവേഗ പദ്ധതിയെക്കുറിച്ച് ധാരണയില്ല. നഗരത്തില്‍നിന്ന് മാറിയാണ് സില്‍വര്‍ലൈനില്‍ സ്റ്റേഷനുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തില്‍നിന്ന് മാറി സ്റ്റേഷന്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ യാത്രയെ ബാധിക്കും. ഹൈഡ്രോളജിക്കല്‍, ജിയോളജിക്കല്‍ സര്‍വേ ശരിയായി നടത്തിയിട്ടില്ല.93% അലൈന്‍മെന്റും ദുര്‍ബലമായ ഭൂമിയിലാണ്. എന്നാല്‍, ചെലവു കണക്കാക്കുന്ന റിപ്പോര്‍ട്ടില്‍ 80% ഭൂമിയും ഉറപ്പുള്ളതാണെന്നാണ് പറയുന്നത്.