കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുള്ള ആനക്കൊമ്പ് വ്യാജമെന്ന് വനംവകുപ്പ്. ഒട്ടകത്തിന്റെ എല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതെന്ന് സംശയം. ഇവ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയില്‍ പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതുകൂടാതെ ചില ശംഖുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധന വിധേയമാക്കും.
മോന്‍സന്റെ വീട്ടിലെ ശില്‍പങ്ങളൊന്നും ചന്ദനത്തില്‍ തീര്‍ത്തതല്ലെന്നും വനംവകുപ്പ് കണ്ടെത്തി. മോന്‍സന്റെ വീടുകളില്‍ പൊലീസും വനംവകുപ്പും മോട്ടോര്‍വാഹന വകുപ്പും സംയുക്ത പരിശോധന നടത്തുകയായിരുന്നു.
മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള വാഹനങ്ങള്‍ പലതും മറ്റു സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ യഥാര്‍ഥമാണോ, നികുതി അടച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.