കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ മണ്ഡലത്തില്‍ തമ്പടിച്ചു ബിജെപി നേതാക്കള്‍ ലക്ഷ്യമിടുന്നതു ദേശീയതലത്തില്‍ രാഹുലിനെതിരായ രാഷ്ട്രീയനീക്കം. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിക്കും സുരേഷ് ഗോപി എംപിക്കും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പിന്നാലെ കഴിഞ്ഞ ദിവസം മണ്ഡലത്തിലെ വികസനപദ്ധതികളുടെ അവലോകനത്തിനായി സ്മൃതി ഇറാനിയും എത്തിയതോടെ വയനാടിന്റെ പിന്നാക്കാവസ്ഥ ദേശീയതലത്തില്‍ ചര്‍ച്ചയാക്കുകയാണു ലക്ഷ്യം.
ജില്ലയില്‍ നടപ്പിലാക്കുന്ന ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയോട് സംസ്ഥാന സര്‍ക്കാര്‍ നിസ്സഹകരിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, അക്കാര്യം രാഹുല്‍ഗാന്ധി എംപിയോടു ചോദിക്കണമെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി. താന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ അല്ലെന്നും അമേഠിയില്‍നിന്ന് ഒളിച്ചോടില്ലെന്നും സ്മൃതി പറഞ്ഞു.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് ബിജെപി നേതാക്കളുടെ വയനാട് പര്യടനം. ജില്ലയിലെ പിന്നാക്കവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന പ്രചാരണമാണു ബിജെപി സൈബര്‍ വിങ് അഴിച്ചുവിടുന്നത്. ആദിവാസി കോളനികളില്‍ വികസനമെത്തുന്നില്ലെന്ന വിമര്‍ശനം സുരേഷ് ഗോപി പാര്‍ലമെന്റിലും ഉന്നയിച്ചു. വയനാടില്‍ രാഷ്ട്രീയ ടൂറിസത്തിനെത്തുന്ന ദേശാടനപ്പക്ഷിയാണു രാഹുല്‍ ഗാന്ധിയെന്നായിരുന്നു വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാക്കുകള്‍.
അതിനിടെ, സ്മൃതി ഇറാനി പങ്കെടുത്ത അവലോകനയോഗത്തില്‍നിന്നു ജനപ്രതിനിധികളെ മാറ്റിനിര്‍ത്തിയതു വയനാടിനോടുള്ള അവഗണനയാണെന്ന വിമര്‍ശനവുമായി, എംഎല്‍എമാരായ ടി.സിദ്ദീഖും ഐ.സി.ബാലകൃഷ്ണനും രംഗത്തെത്തി.