ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയിലെ രൂക്ഷമായ വൈദ്യുതി ക്ഷാമം രാജ്യാന്തരവിപണിയെ ഏതു തരത്തില്‍ ബാധിക്കുമെന്ന് ആശങ്കയിലാണ് ലോകം. ചിപ്പുകളുടെ ക്ഷാമം ഇലക്ട്രോണിക്സ് ഉപകരണ മേഖലയിലും വാഹനനിര്‍മാണ രംഗത്തും ഉയര്‍ത്തുന്ന വെല്ലുവിളിക്കിടയില്‍, ചൈനയില്‍നിന്ന് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അന്തരീക്ഷ മലിനീകരണ പരിധി പിടിച്ചു നിര്‍ത്താനും ഊര്‍ജ ഉപയോഗം കുറയ്ക്കാനുമായി ചൈനയില്‍ കര്‍ശന വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വൈദ്യുതോല്പാദനത്തിനുള്ള കല്‍ക്കരിയുടെ ലഭ്യതക്കുറവ് ചൈനയെ വലയ്ക്കുകയും ചെയ്യുന്നു. വൈദ്യുത ഉപയോഗം പരിധി കവിയാതിരിക്കാന് പവര്‍കട്ട് അടക്കം കര്‍ശന നിയന്ത്രണമാണ് ചൈനയിലെ പല പ്രവിശ്യയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലോകത്തിനു വേണ്ട ഇലക്ട്രോണിക്സ് ഘടകങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ നിര്‍മിക്കുന്ന ചൈനയിലെ ഫാക്ടറികള്‍ ഉല്പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കമ്പനികള്‍ക്കടക്കം വൈദ്യുതി ഉപയോഗത്തിന് റേഷനിങ് ഏര്‍പ്പെടുത്തി.