മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് റണ്‍സ് വിജയം. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിനു 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കഴിഞ്ഞ മത്സരം രാജസ്ഥാന്‍ റോയല്‍സിനോടു ജയിച്ച മുംബൈയുടെ രണ്ടാം വിജയമാണിത്. നാലു പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനക്കാരാണു മുംബൈ. വെള്ളിയാഴ്ചത്തെ മത്സരത്തില്‍ അവര്‍ കീഴടക്കിയത് ഒന്നാമതുള്ള ഗുജറാത്തിനെയും.
വൃദ്ധിമാന്‍ സാഹ (40 പന്തില്‍ 55), ശുഭ്മാന്‍ ഗില്‍ (36 പന്തില്‍ 52) എന്നിവര്‍ ഗുജറാത്തിനായി അര്‍ധസെഞ്ചുറി നേടി. ഓപ്പണര്‍മാരായ സാഹയും ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 106 റണ്‍സാണു ഗുജറാത്തിനായി കൂട്ടിച്ചേര്‍ത്തത്. 13-ാം ഓവറില്‍ ഗില്ലിനെയും സാഹയെയും മുരുകന്‍ അശ്വിന്‍ പുറത്താക്കി. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 14 പന്തുകളില്‍നിന്ന് 24 റണ്‍സെടുത്തു.
14 റണ്‍സെടുത്ത സായ് സുദര്‍ശന്‍ ഹിറ്റ് വിക്കറ്റായി പുറത്തായി. അവസാന ഓവറുകളില്‍ വമ്പനടികളുമായി തിളങ്ങുന്ന രാഹുല്‍ തെവാത്തിയ മൂന്നു റണ്‍സ് മാത്രമെടുത്തു മടങ്ങിയതു ഗുജറാത്തിനു തിരിച്ചടിയായി. ഡേവിഡ് മില്ലര്‍ 13 പന്തില്‍ 19 റണ്‍സെടുത്തു പുറത്താകാതെനിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസാന ആറു പന്തില്‍ ഗുജറാത്തിനു ജയിക്കാന്‍ ഒന്‍പതു റണ്‍സ് മാത്രമാണു വേണ്ടിയിരുന്നത്. എന്നാല്‍ അവര്‍ക്കു നേടാന്‍ സാധിച്ചത് മൂന്നു റണ്‍സ്.