ന്യൂഡല്‍ഹി: കഴിഞ്ഞ 14 വര്‍ഷക്കാലമായി കെപിസിസിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ ബാലജനവേദിക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അംഗീകാരം. ജവഹര്‍ ബാല്‍ മഞ്ച് എന്ന് പുനഃ നാമകരണം ചെയ്താണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. ഏഴു മുതല്‍ പതിനേഴ് വയസ്സുവരെയുള്ള കുട്ടികളായിരിക്കും ഇതിലെ അംഗങ്ങള്‍.
2007 ല്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിന്റായിരിക്കുമ്പോഴാണ് കുട്ടികളുടെ സംഘടനക്ക് കേരളത്തില്‍ രൂപം നല്‍കുന്നത്.തുടര്‍ന്ന് സംസ്ഥാന ചെയര്‍മാനായി നിയമിച്ച ഡോ.ജി.വി ഹരിയുടെ നേതൃത്വത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം പച്ചക്കൊടി കാട്ടിയത്.
കേരളത്തില്‍ ലക്ഷക്കണക്കിന് കുട്ടികളെയാണ് ഇതുവരെ ബാല്‍ മഞ്ചിന്റെ കീഴില്‍ പരിശീലിപ്പിച്ചത്. അതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞവര്‍ഷം അഞ്ചു സംസ്ഥാനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജവഹര്‍ ബാല്‍ മഞ്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
സംസ്ഥാന ചെയര്മാനിയുന്ന ഡോ.ജി.വി ഹരിയെ തന്നെയാണ് എഐസിസി ദേശീയ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മികച്ച സംഘാടകനായ ഡോ.ജി.വി ഹരി അദ്ധ്യാപകനും കെപിസിസിയുടെ സെക്രട്ടറിയുമാണ്. കോണ്‍ഗ്രസിന്റെ മാദ്ധ്യമ സമിതിയിലും ഡോ.ജി.വി ഹരി അംഗമാണ്. ഇന്ത്യയിലെ തന്നെ മികച്ച പരിശീലകന്, കുട്ടികളെ സംഘടിപ്പിക്കുന്നതിനുള്ള കഴിവ് ,മികച്ച ആശയ വിനിമയത്തിനുള്ള കഴിവ് , എന്നീ ഘടകങ്ങളാണ് ഈ ഉത്തരവാദിത്തം എഐസിസി ഡോ.ജി.വി ഹരിയെ ഏല്‍പ്പിക്കുന്നതിന് കാരണമായത്.
രമ്യാ ഹരിദാസ് എംപി, എഐസിസി സെക്രട്ടറി കൃഷ്ണാ അലുവാരു, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുടെ പിന്തുണയും ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്കി.