തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തു നല്കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെ ഫോണ്‍ സംവിധാനം.സംസ്ഥാന വ്യാപകമായി ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകാനുള്ള കേബിള്‍ സൃംഖലയായിരുന്നു ഈ പദ്ധതി. എം ശിവശങ്കരന്റെ ബുദ്ധിയില്‍ വിരിഞ്ഞ ഈ പദ്ധതി പക്ഷേ, സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അദ്ദേഹം അഴിക്കുള്ളിലായതോടെ സ്തംഭനാവസ്ഥയില്‍ ആയി. ഇതോടെ കഴിഞ്ഞ സര്‍ക്കാറിന് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുകയാണ്.
കെഫോണിന്റെ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലേക്ക് നല്കി തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ 500 വീതം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്കാന് തീരുമാനമായി. സെക്കന്‍ഡില്‍ 10 മുതല്‍ 15 വരെ എംബി വരെ വേഗത്തില്‍ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടില്‍ ഉപയോഗിക്കാന്‍ കഴിയുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും കൈമാറും.
സര്‍ക്കാര്‍ പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് പദ്ധതി എത്രകണ്ട് വിജയിക്കും എന്നത് അടക്കമുള്ള കാര്യങ്ങള്‍ കണ്ടു തന്നെ അറിയണം. കെ ഫോണിന്റെ കേബിള്‍ ശൃംഖലയെ ആശ്രയിക്കുന്ന ഈ പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ബിപിഎല്‍ കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന് എത്തിക്കുക. കെഫോണ്‍ കണക്ഷന് നല്കാന് ഒരു ജില്ലയില്‍ ഒരു സേവനദാതാവിനെ വീതം കണ്ടെത്താനാണ് ആലോചിക്കുന്നത്. ഇതിനായി 3 വര്‍ഷത്തിലേറെയായി ഇന്റര്‍നെറ്റ് സേവനം നല്കുന്നവരില് നിന്ന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
ഇന്റര്‍നെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബജറ്റിലെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെഫോണ്‍ പദ്ധതിക്കു തുടക്കമിട്ടത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്ബന്‍ കേബിള്‍ ശൃംഖലയാണ് കെഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റര്‍ ദൂരമാണ് കേബിള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 2,045 കിലോമീറ്റര്‍ കേബിള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
പദ്ധതി പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന് ലഭ്യമാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. സംസ്ഥാനത്തിന് ഇകുതിപ്പിനുതന്നെ വഴിയൊരുക്കുന്നതാണ് കെ ഫോണ്‍ ശൃംഖലയെന്നാണ് സര്‍ക്കാര്‍ അവകാശവാദം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് ഏറ്റവും പ്രയോജനം ചെയ്യും. ഇകൊമേഴ്സ് സൗകര്യങ്ങള്‍ വഴി വിപണനം നടത്താന്‍ ഗ്രാമങ്ങളിലെ സംരംഭകര്‍ക്കുപോലും സാധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. എന്നാല്‍, സേവനദാതാവായ ഓഫീസിലെയും സേവനം കിട്ടേണ്ട ഗുണഭോക്താവിന്റെയും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ശക്തമാണെങ്കില്‍ മാത്രമേ ഇത് ഫലപ്രദമാകൂ. വലിയ സ്വകാര്യ കമ്ബനികള്‍ വന്‍ നഗരങ്ങളില്‍ മെച്ചപ്പെട്ട കണക്ടിവിറ്റി നല്‍കുന്നുണ്ട്. എന്നാല്‍, ഗ്രാമങ്ങളില്‍ ലാഭം കുറയും എന്നതിനാല്‍ ചെയ്യുന്നില്ല. അതിനു മാറ്റം വരുത്താന്‍ കെ ഫോണ്‍ സഹായിക്കും. എന്‍ഡ് ഓഫീസ് കണക്ടിവിറ്റി ലക്ഷ്യമിടുന്നത് ആകെ 30,000 സര്‍ക്കാര്‍ ഓഫീസിലാണ്. ഇതില്‍ 3019 എണ്ണം പ്രവര്‍ത്തനസജ്ജമായതായും സര്‍ക്കാര്‍ അറിയുന്നു.