ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേപ്പാളിലെ കഠ്മണ്ഡുവില്‍ നൈറ്റ് ക്ലബ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം കുത്തിപ്പൊക്കി ബിജെപി. നിലവില്‍ തെലങ്കാനയില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി, കര്‍ഷകരെ അഭിസംബോധന ചെയ്യുമ്പോള്‍ എന്താണ് സംസാരിക്കേണ്ടതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചതാണ് ബിജെപി ഇത്തവണ ആയുധമാക്കിയത്. വിദേശ യാത്രകള്‍ക്കും നിശാക്ലബ്ബിലെ സന്ദര്‍ശനത്തിനും ഇടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ ഇങ്ങനിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
തെലങ്കാനയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്നതിനു മുന്‍പ് തെലങ്കാന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് താന്‍ എന്താണ് സംസാരിക്കേണ്ടത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചത്. ഇതിന്റെ വിഡിയോയും ബിജെപി പുറത്തുവിട്ടു. ഇന്നത്തെ പ്രധാന പ്രസംഗവിഷയം എന്താണെന്നും, താന്‍ എന്താണ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി നേതാക്കളോട് ആരായുന്നത് വിഡിയോയില്‍ കാണാം. ബിജെപി ഐടി സെല്‍ ചുമതല വഹിക്കുന്ന അമിത് മാളവ്യയാണ് വിഡിയോ ട്വീറ്റ് ചെയ്തത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ചയാണ് രാഹുല്‍ ഗാന്ധി തെലങ്കാനയിലെത്തിയത്. കര്‍ഷക പ്രശ്നങ്ങളെക്കുറിച്ച് വാറങ്കലില്‍ നടക്കുന്ന പൊതുയോഗത്തില്‍ സംസാരിക്കാനാണ് സന്ദര്‍ശനം. ഇതിനിടെയാണ് എന്താണ് സംസാരിക്കേണ്ടത് എന്നുപോലും അറിയാതെയാണ് രാഹുലിന്റെ വരവെന്ന ബിജെപിയുടെ ആരോപണം.