പത്തനംതിട്ടയില്‍ ആറു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരെ നീക്കി: എല്ലാവരും ഒരേ സമുദായക്കാരും എ ഗ്രൂപ്പുകാരും: നേതൃത്വത്തിനെതിരേ അണികളുടെ പ്രതിഷേധം

3 second read
0
0

കോഴഞ്ചേരി: ജില്ലയില്‍ ഡി.സി.സി പ്രസിഡന്റ് നീക്കിയ ആറ് മണ്ഡലം പ്രസിഡന്റുമാരും എ ഗ്രൂപ്പുകാര്‍. എല്ലാവരും ഒരേ സമുദായത്തില്‍പ്പെട്ടവരും കൂടിയായതോടെ എ ഗ്രൂപ്പ് നേതൃത്വത്തിന് എതിരെ വിമര്‍ശനത്തിനും കാരണമായി. ഡി.സി.സി ഓഫീസില്‍ തമ്പടിക്കുന്ന എ വിഭാഗം ഭാരവാഹികള്‍ പോലും പ്രസിഡന്റുമാരെ നീക്കം ചെയ്യുന്ന വിവരം അറിഞ്ഞില്ലത്രേ.

നീക്കം ചെയ്യപ്പെട്ടവരില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ബ്ലോക്ക്
പഞ്ചായത്ത് അംഗവും ഉള്‍പ്പെടുന്നു. സാം മാത്യു (ഏനാത്ത്), സാബു
മരുതേന്‍കുന്നേല്‍ (കോട്ടാങ്ങല്‍), എബ്രഹാം പി. തോമസ് (ചെറുകോല്‍) പി.എം.ജോണ്‍സണ്‍ (ഇലന്തൂര്‍), ജിജി ചെറിയാന്‍ (മല്ലപ്പുഴശ്ശേരി), സുബിന്‍ നീറംപ്ലാക്കല്‍ (കോയിപ്പുറം )എന്നിവരാണ് നീക്കം ചെയ്യപ്പെട്ടവര്‍.

ഇതില്‍ ജിജി ചെറിയാന്‍ മല്ലപ്പുഴശേരിയില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗവും പി.എം.ജോണ്‍സണ്‍ ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാതിരിക്കുകയും 137 രൂപ ചലഞ്ച് നടത്താതിരിക്കുകയും ചെയ്തതിനാണ് നടപടി എന്നാണ് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ വിശദീകരിക്കുന്നത്. കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമുള്ള കോണ്‍ഗ്രസ് ജന്മദിന ഫണ്ടായ 137 രൂപ ചലഞ്ച്, യൂണിറ്റ് കമ്മിറ്റി രൂപവത്കരണം എന്നിവ വിജയിപ്പിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയും കൃത്യവിലോപവും നടത്തി എന്നാരോപിച്ചാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരെ നീക്കിയതെന്നും ഡി.സി.സി പ്രസിഡന്റ് പറയുന്നു. ഈ മണ്ഡലങ്ങളില്‍ ബന്ധപ്പെട്ടവരുമായി
ആലോചിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം
വ്യക്തമാക്കി.

എന്നാല്‍ സ്വന്തം മണ്ഡലത്തില്‍ പ്രസിഡന്റിനെ മാറ്റുന്ന കാര്യം അവിടെ നിന്നുള്ള കെ.പി.സി.സി, ഡി.സി.സി ബ്ലോക്ക് ഭാരവാഹികള്‍ അറിയുന്നത്
മാധ്യമങ്ങള്‍ വഴിയെന്നാണ് ഇവരും പറയുന്നത്. നീക്കം ചെയ്യുന്നത് ആലോചിക്കാതെ പുതിയ ആളെ വയ്ക്കുന്നത് ചര്‍ച്ച ചെയ്യും എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും
നേതാക്കള്‍ പറയുന്നു. നീക്കം ചെയ്യപ്പെട്ട പ്രസിഡന്റുമാരുടെ മണ്ഡലങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി അംഗത്വത്തിനും കെ.പി.സി.സി ചലഞ്ചിനും പണം
അടച്ചിട്ടുണ്ടത്രെ.

ഇക്കാര്യങ്ങളില്‍ വിശദീകരണം ചോദിക്കുകയോ വ്യക്തത വരുത്തുകയോ ചെയ്യാതെ ആണ് നടപടികള്‍ ഉണ്ടായിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ പദ യാത്രക്കും മണ്ഡലം പ്രസിഡന്റുമാരില്‍ നിന്നും പുതിയ ഡി.സി.സി നേതൃത്വം സംഭാവന സമാഹരിച്ചിരുന്നു. ഇതിന് ശേഷമാണ് കെ.പി.സി.സിയുടെ ചലഞ്ചുകള്‍ വന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ എല്ലാം നഷ്ടപ്പെട്ടതോടെ ആശങ്കയില്‍
ആയിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്കാണ് പുതിയ അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഒരു പ്രശ്നം ഉണ്ടായാല്‍ പോലീസ് സ്റ്റേഷനിലും മറ്റും ഇടപെടാന്‍ അധികാരമുള്ള നേതാക്കളില്ല.

നേരത്തെ അണികളുമായി ബന്ധമുള്ള പലരും എം.എല്‍.എമാരായും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായും ഉണ്ടായിരുന്നു. കെ.പി.സി.സി ഭാരവാഹികളായുള്ളവര്‍ക്കും ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. ഇതോടെ പ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടി വിടുകയും സജീവ ഇടപെടലുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. നിരവധി ഘടകങ്ങളാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ കാരണം. ആകെ ജില്ലയില്‍ മുഖ്യ ജനപ്രതിനിധി ആയുള്ളത് ആന്റോ ആന്റണി എം.പിയാണ്. കോട്ടയത്ത് നിന്നും എത്തിയ അദ്ദേഹത്തിന് പത്തനംതിട്ടയില്‍ കാര്യമായ രാഷ്ട്രീയ വേരുകളില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് പഞ്ചായത്തുകളിലും പരിപാടികളിലും സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കാന്‍ മാത്രമേ എം.പിക്ക് കഴിയുന്നുള്ളു.

പാര്‍ട്ടി സജീവമാകാന്‍ മുകളില്‍ നിന്നുള്ള സഹായവും ഇടപെടലും വേണമെന്നും മണ്ഡലം പ്രസിഡന്റുമാര്‍ ആവശ്യപ്പെടുന്നു. നടപടിക്ക് എതിരെ കെ.പി.സി.സി നേതൃത്വത്തെ ചിലര്‍ സമീപിച്ചിട്ടുണ്ട്.

 

 

 

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…