എഴുമറ്റുര്‍ :എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കണ്ടവരാരും ദേവസേനയെയും അവരുടെ രാജ്യത്തെയും മറക്കാനിടയില്ല. ബാഹുബലി ഒളിച്ചു പാര്‍ത്തിരുന്ന ദേവസേനയുടെ രാജ്യം ആക്രമിക്കാന്‍ ശത്രുക്കള്‍ എത്തുന്നു. അംഗബലം കുറവായ രാജ്യത്തെ സൈനികരെ കൊണ്ടു മാത്രം ശത്രുക്കളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ബാഹുബലി ഒരു ബുദ്ധി പ്രയോഗിക്കുന്നു. മലഞ്ചരുവില്‍ ഗോക്കളെ മേയ്ക്കുന്നവരുടെ അടുത്ത് ചെന്ന് അവരുടെ പശുക്കളുമായി തിരിച്ചെത്തുന്നു. പശുക്കളുടെ നീളമേറിയ കൊമ്പില്‍ പന്തം കൊളുത്തി അവറ്റകളെ യുദ്ധമുന്നണിയിലേക്ക് ഇറക്കി വിടുന്നു.
ശത്രുഭടന്മാരെ പശുക്കള്‍ ഇടിച്ചു വീഴ്ത്തുന്നു. നല്ല ബലമുള്ളതും നീളമേറിയതുമായ കൊമ്പുകളാണ് ഈ പശുക്കളുടെ പ്രത്യേകത. ഇത് കാങ്കറേജ് എന്നയിനം പശുവാണ്. രാജസ്ഥാനിലെ നാടന്‍ പശുക്കളാണ് കാങ്കറേജ്. ഒറ്റക്കാഴ്ചയില്‍ തന്നെ ആര്‍ക്കും ഇഷ്ടം തോന്നും. ഈയിനം നാടന്‍ പശു നമ്മുടെ നാട്ടിലുമുണ്ട്. പത്തനംതിട്ടയിലെ എഴുമറ്റുര്‍ അമൃതധാര ഗോശാലയില്‍. യാദൃശ്ചികമെന്ന് പറയട്ടെ ഇവിടെയുള്ള കാങ്കറേജ് ഇനത്തില്‍പ്പെട്ട ഒരു പശുവിന്റെ പേര് ദേവസേനയെന്നാണ്..!