അടൂര്‍: നാട്ടുകാരേ നിങ്ങള്‍ ശ്രദ്ധിക്കുക. യാത്രക്കിടയില്‍ അടൂരിലോ പരിസരത്തു വച്ചോ ടിപ്പര്‍ ലോറി കാണുകയാണെങ്കില്‍ ഒന്നു വഴിമാറിക്കോണം. കാരണം ടിപ്പറിനു തന്നെ ടിപ്പറിന്റെ സുരക്ഷാ കാര്യത്തില്‍ ഒരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. മണ്ണുമായി പോകുന്ന മിക്ക ടിപ്പറുകളും അമിത വേഗതയിലാണ് പോകുന്നത്. അതും അമിത ലോഡും വഹിച്ച്. ഇതൊക്കെ ഒരു തരത്തില്‍ നാട്ടുകാര്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അതുകൊണ്ടാണല്ലോ ടിപ്പറുകളുടെ ചക്രത്തിന്റെ അവസ്ഥ മോശമായിട്ടും നാട്ടില്‍ ഈ വണ്ടികളൊക്കെ ഓടുന്നത്. മിക്ക ടിപ്പറുകളുടേയും ചക്രങ്ങള്‍ ഓടി തേഞ്ഞ് നൂലും കമ്പിയും പുറത്തു വന്ന നിലയിലാണ്. ഈ ചക്രവും വച്ചാണ് ടിപ്പറുകളുടെ മണപാച്ചില് എന്നോര്‍ക്കുമ്പോഴാണ് നാട്ടുകാര്‍ക്കിടയില്‍ ഭീതി ഉയര്‍ത്തുന്നത്. പോലീസും,മോട്ടോര്‍ വാഹന വകുപ്പും നിരന്തരം പരിശോധന നടത്തി പിഴ ചുമത്തുന്നുണ്ട്. പക്ഷെ എന്തിന് എന്ന ചോദ്യമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്. പേരിന് ഒരു പെറ്റി മാത്രം നല്കി ടിപ്പറുകള്‍ പറഞ്ഞു വിടുകയാണ് പതിവ്.
എന്നാല്‍ ഈ വാഹനങ്ങളുടെ ചക്രങ്ങള്‍ ആരും പരിരോധിക്കാറില്ല. മിക്ക ചക്രങ്ങളും തേഞ്ഞു തീര്‍ന്നതു മാത്രമല്ല പൊട്ടി കീറുകയും ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു ഗുരുതര പ്രശ്നമാണ്. മറ്റു വാഹനങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടി കാട്ടി പിഴ ഈടാക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ടിപ്പറുകളുട ചക്രങ്ങളുടെ കാര്യത്തില്‍ മുഖം തിരിക്കുകയാണ്. കെ.പി റോഡില്‍ പതിനാലാം മൈലില്‍ റോഡിന്റെ ഇരുഭാഗത്തും നൂറില്‍ പുറത്ത് വാഹനങ്ങളാണ് മിക്ക സമയത്തും നിര്‍ത്തിയിടുന്നത്. ലോഡ് കയറ്റിയ ടിപ്പര്‍ ലോറികള്‍ പോകുമ്പോഴാണ് ഈ ടിപ്പറുകള്‍ പോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ടിപ്പറുകള്‍ ഇത്തരത്തില്‍ നിരന്നു കിടക്കുന്നതിനാല്‍ പല ദിവസവും രാവിലെ കട തുറക്കാന്‍ പ്രയാസമാണെന്ന് വ്യാപാരികളും ആരോപിക്കുന്നു
മണ്ണ് ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകാന്‍ ജിയോളജി വകുപ്പ് വക പേരിന് ഒരു അനുമതിപത്രം. ഈ അനുമതിപത്രത്തില്‍ പറയുന്ന ഒരു വ്യവസ്ഥയും മണ്ണു കൊണ്ടു പോകുന്ന വാഹനങ്ങള്‍ പാലിക്കാറില്ല. നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഏനാത്ത് – അടൂര്‍ എം.സി റോഡിലൂടെ ഒരു സുരക്ഷയുമില്ലാതെയാണ് അമിത അളവില്‍ കയറ്റിയ മണ്ണുമായി ടിപ്പറുകള്‍ പായുന്നത്. അമിത അളവില്‍ ടിപ്പറുകളില്‍ മണ്ണു കയറ്റുന്നതുമൂലം മണ്ണിന്റെ മുകളില്‍ മറയ്ക്കാന്‍ ഉപയോഗിക്കുന്ന ടാര്‍പ്പകള്‍ പലതും കീറിയ അവസ്ഥയിലാണ്. ഇതു കാരണം മണ്ണുകള്‍ റോഡിലേക്ക് വീഴുന്നത് പതിവായിരിക്കുകയാണ്. ഇരുചക്രവാഹനയാത്രക്കാര് ഇതു കാരണം വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ടിപ്പറിനു പിറകില്‍ പോകുന്ന ഇരുചക്രവാഹനയാത്രക്കാരുടെ കണ്ണുകളില്‍ റോഡില്‍ വീഴുന്ന മണ്ണ് തെറിച്ച് വീഴുന്നതും പതിവാണ്