തിരുവനന്തപുരം: മൂകാംബികയ്ക്ക് പോയ കെ സ്വിഫ്റ്റ് ബസ് ചെന്നെത്തിയത് ഗോവയിലെ ബീച്ചില്‍. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച പോയ കൊല്ലൂര്‍ സ്വിഫ്റ്റ് സര്‍വ്വീസിലെ യാത്രക്കാരാണ് നേരം പുലര്‍ന്നപ്പോള്‍ ഗോവ ബീച്ചിലെത്തി വെയില് കായാന്‍ കിടക്കുന്ന അര്‍ദ്ധനഗ്നരായ വിദേശികളെ കണ്ടത്.
തിങ്കളാഴ്ച്ച രാവിലെ മൂകാംബികയിലെത്തി ദര്‍ശനം നടത്തേണ്ടിയിരുന്ന യാത്രക്കാര്‍ ഗോവയിലെ ബീച്ചും വരിവരിയായി കിടക്കുന്ന വിദേശികളെയും കണ്ട് അമ്പരന്നു. ഗൂഗിള്‍ മാപ്പ് വഴി തെറ്റിച്ചതാണെന്ന് ഡ്രൈവര്‍ ആണയിട്ടെങ്കിലും മാപ്പ് കൊടുക്കാന്‍ യാത്രക്കാര്‍ തയാറായില്ല.
ഞായറാഴ്ച്ച വൈകിട്ടാണ് തിരുവനന്തപുരത്ത് നിന്നും കെ സ്വിഫ്റ്റ് ബസ് കൊല്ലൂര്‍ മൂകാംബികയിലേക്ക് പുറപ്പെട്ടത്. എറണാകുളത്ത് എത്തിയപ്പോള്‍ മറ്റൊരു ്രൈഡവര്‍ കയറി. ഈ ്രൈഡവര്ക്കാണ് വഴിതെറ്റിയത്. മംഗലാപുരത്തിനും മൂകാംബികക്കും ഇടയിലുള്ള കുന്ദാപുരയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞാണ് മൂകാംബികക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, ഈ റോഡിലേക്ക് തിരിയാതെ നേരേ ഉള്ള റോഡിലൂടെ പോയി ഉറക്കത്തിലായിരുന്ന യാത്രക്കാരും കണ്ടക്ടറും ബസ് വഴിതെറ്റിയ വിവരം അറിഞ്ഞതുമില്ല. ഒടുവില്‍ നേരം വെളുത്തപ്പോള്‍ കടല്‍ത്തീരത്ത് ചെന്ന് ബസ് നിന്നപ്പോഴാണ് തങ്ങള്‍ക്ക് വഴിതെറ്റിയിരിക്കുന്നു എന്ന് എല്ലാവര്ക്കും മനസിലായത്.
ഗൂഗിള്‍ മാപ്പ് ചതിച്ചതാണെന്ന് പറഞ്ഞ് തലയൂരാനായി ്രൈഡവറുടെ ശ്രമം. ഇതിനിടയില്‍ ചിലര്‍ ക്ഷുഭിതരായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒടുവില്‍, തങ്ങളെ മൂകാംബികയിലെത്തിച്ച ശേഷം തിരികെ കൊണ്ടുപോകണമെന്നായി യാത്രക്കാര്‍. ഇതനുസരിച്ച് ബസ് വീണ്ടും മൂകാംബികക്ക് വിടുകയായിരുന്നു. തിങ്കളാഴ്ച്ച നടന്ന സംഭവം ഇന്നാണ് പുറംലോകം അറിയുന്നത്.