തിരുവനന്തപുരം: 5000 കോടി വരെ താല്‍ക്കാലിക വായ്പയെടുക്കുന്നതിനു സംസ്ഥാനത്തിനു കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. ഇതോടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമാകും. അഡ്ഹോക് ബോറോയിങ്ങ് എന്നറിയപ്പെടുന്ന ഈ മാര്‍ഗത്തിലൂടെ എടുക്കുന്ന വായ്പ പിന്നീടു വായ്പാ പരിധി നിശ്ചയിക്കുമ്പോള്‍ അതില്‍ നിന്നു കുറവു ചെയ്യും.
നേരത്തേ തെലങ്കാനയ്ക്കും സമാനമായ വായ്പാനുമതി കേന്ദ്രം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് അനുമതി. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കൂട്ടുമെന്ന നിലപാടില്‍നിന്നു കേന്ദ്രം ഇതുവരെ പിന്മാറിയിട്ടില്ല.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണെന്നു മന്ത്രിസഭായോഗത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ദിവസേനയുള്ള ചെലവുകള്‍ പോലും അവശ്യമായ രീതിയില്‍ നടത്താനാവാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ വല്ലാതെ ഞെരുക്കുകയാണ്. കടമെടുപ്പിനുള്ള അനുമതി വൈകിപ്പിക്കുന്നു. പ്രധാനമന്ത്രി തലത്തില്‍ മുഖ്യമന്ത്രി തന്നെ ഇടപെടേണ്ടി വരുന്ന സ്ഥിതിയാണെന്നും ധനമന്ത്രി വിശദീകരിച്ചു. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയവുമായി നടത്തി വരുന്ന ഔദ്യോഗിക കത്തിടപാടുകള്‍ തല്ക്കാലം തുടരുകയെന്നാണു മുഖ്യമന്ത്രി നിര്‍ദേശിച്ചത്. അതിന്മേല് തുടര്നടപടിയുണ്ടാകുമോയെന്ന് നോക്കാം. ഉണ്ടാകുന്നില്ലെങ്കില്‍ ഇടപെടലാകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വായ്പയെടുക്കുന്നതിന് കേന്ദ്രം അനുമതി നല്‍കിയത്.