കോഴിക്കോട്: കേരളത്തിനു പുറത്തും മലയാളികള്‍ അടക്കം ഒട്ടേറെപ്പേര്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു പരാതിക്കാരനായ അനൂപ് അഹമ്മദ് പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നതിനു മുന്‍പ് വിശദമായ അന്വേഷണം നടത്തിയിരുന്നു. തട്ടിപ്പിനിരയായി കൂടുതല്‍ പേരെ കണ്ടെത്തി ഒരുമിച്ചു പരാതി നല്‍കുകയായിരുന്നു ലക്ഷ്യം. ഈ അന്വേഷണത്തിലാണു ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പലരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നു വിവരം ലഭിച്ചതെന്നു അനൂപ് അഹമ്മദ് വ്യക്തമാക്കി.
ബെംഗളൂരുവില്‍ മലയാളികള്‍ അടക്കം ഒട്ടേറെ പേരില്‍ നിന്നായി 50 കോടിയോളം രൂപ തട്ടിയെന്നാണു വിവരം. ബെംഗളൂരുവില്‍ പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്റെ 40 കോടി തട്ടിയെടുത്തു. മോന്‍സനു തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരമുണ്ടെന്നും വില്‍പന നടന്നാല്‍ കോടിക്കണക്കിനു രൂപ കമ്മിഷന്‍ നല്‍കുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണു ഡോ. രാമചന്ദ്രന്‍ മോന്‍സനുമായി ഇടപാടുകള്‍ തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച 2.62 ലക്ഷം കോടി കോടി രൂപ കിട്ടാനുണ്ടെന്നു വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി. 10 വര്‍ഷമായി പണം നല്‍കുവെന്നാണു മംഗളൂരു സ്വദേശിയായ യശ്വന്ത് പറയുന്നത്. രാജീവ് എന്നയാളില്‍ നിന്ന് 6 കോടി രൂപയും ബെംഗളൂരുവിലെ ഉദ്യോഗസ്ഥനില്‍ നിന്ന് 50 ലക്ഷം രൂപയും തട്ടിയെടുത്തതായും അറിയുന്നു. നിലവില്‍ പൊലീസിനെ സമീപിച്ച പരാതിക്കാരില്‍ ഒരാളായ അനൂപ് അഹമ്മദ് അടക്കം കോഴിക്കോട് സ്വദേശികള്‍ മോന്‍സനു നല്‍കിയത് 10 കോടിയോളം രൂപയാണ്.