പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ കോടികളുടെ വെട്ടിപ്പില്‍ പങ്കാളിയായ പ്രസിഡന്റ് കുറ്റം മുഴുവന്‍ ജീവനക്കാരുടെ തലയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മൂന്നു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷനിലായവരില്‍ ഒരാള്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി. കേരളാ കോണ്‍ഗ്രസിന്റെ സകല ബ്രാക്കറ്റുകളിലും പ്രവര്‍ത്തിച്ചതിന് ശേഷം ബാങ്ക് തട്ടിപ്പില്‍ പിടിക്കപ്പെടാതിരിക്കാന്‍ സിപിഎമ്മിലെത്തുകയും ജില്ലാ സെക്രട്ടറിയുടെ ആശീര്‍വാദത്തോടെ ഏരിയാ കമ്മറ്റിയംഗമാവുകയും ചെയ്ത ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്റെ വീടിന് മുന്നില്‍ സിപിഎം പന്തം കൊളുത്തി പ്രകടനം നടത്തി.
കേരളത്തില്‍ നടന്ന അത്യപൂര്‍വമായ സഹകരണ ബാങ്ക് തട്ടിപ്പാണ് മൈലപ്രയിലേത്. സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായി ഒരു ഗോതമ്പ് സംസ്കരണ ഫാക്ടറി സ്ഥാപിക്കുകയും അതിലേക്ക് വകമാറ്റി 40 കോടിയോളം രൂപ തട്ടിയെടുക്കുകയുമാണ് ചെയ്ത്. മുന്‍ സെക്രട്ടറി ജോഷ്വ മാത്യു, പ്രസിഡന്റും സിപിഎം ഏരിയാ കമ്മറ്റിയംഗവുമായ ജെറി ഈശോ ഉമ്മന്‍ എന്നിവരാണ് തട്ടിപ്പിന് പിന്നില്‍.
വിഷയം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ ബാങ്കിലെത്തി. അവര്‍ക്ക് പണം നല്കാന് കഴിയാതെ വന്നതോടെ ജീവനക്കാര്‍ ബാങ്കിനെതിരേ സമരം തുടങ്ങി. തട്ടിപ്പിന്റെ സകലനാള് വഴികളും ജനങ്ങള്‍ അറിഞ്ഞു.
എന്നാല്‍, ബാങ്കിന് ഒരു പ്രതിസന്ധിയുമില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പ്രസിഡന്റിന്റെ ശ്രമം. ജനരോഷവും മാധ്യമവാര്ത്തകളുമായതോടെ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ജോയിന്റ് രജിസ്ട്രാര്‍ക്കും നില്ക്കക്കളളിയില്ലാതെയായി. പൂഴ്ത്തി വച്ചിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തു വിടേണ്ടി വന്നു. ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയെ പ്രതിയാക്കി കേസെടുത്തു.
ഇവിടെയും സെക്രട്ടറിയുടെ രക്ഷയ്ക്ക് ഉതകും വിധമാണ് കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയത്. 3.94 കോടിയുടെ ക്രമക്കേട് പറഞ്ഞ ഓഡിറ്റ് റിപ്പോര്‍ട്ടിന് പിന്നാലെ എആര്‍ നിയോഗിച്ചവകുപ്പ് 65 പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടും ക്രമക്കേടിലെ തുക വ്യത്യസ്തമായി കാണിച്ചു.
ഇതോടെ ബാങ്ക് സെക്രട്ടറിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോാടതി തടഞ്ഞു. സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റവുമാദ്യം വന്നു ചേരുന്നത് പ്രസിഡന്റിന്റെ പേരിലാണ്. ഇവിടെ സിപിഎം നിര്‍ദേശ പ്രകാരം പ്രസിഡന്റിനെ ഒഴിവാക്കി കോണ്‍ഗ്രസുകാരനായ മുന്‍ സെക്രട്ടറിയുടെ പേരില്‍ മാത്രമാണ് കേസ് എടുത്തത്. തട്ടിയെടുത്ത പണം പ്രസിഡന്റും ജോഷ്വാ മാത്യുവും മൂന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് തിരികെ അടയ്ക്കണമെന്ന ഓഡിറ്റ് നിര്‍ദേശം ചവറ്റു കൊട്ടയില്‍ എറിഞ്ഞിട്ടാണ് പ്രസിഡന്റ് ബാങ്കില്‍ പ്രതിസന്ധിയില്ലെന്ന് തട്ടി വിടുന്നത്. കേരളാ കോണ്‍ഗ്രസുകളുടെ വിവിധ ബ്രാക്കറ്റ് പാര്‍ട്ടികളില്‍ നിന്ന് സിപിഎമ്മില്‍ പ്രസിഡന്റ് രാഷ്ട്രീയ അഭയം പ്രാപിക്കാന്‍ തന്നെ കാരണമായത് ബാങ്ക് തട്ടിപ്പായിരുന്നു.
ഇയാളെ തട്ടിപ്പില്‍ രക്ഷിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി സഹിതം ഇടപെടുന്നതായി ആരോപണമുണ്ട്. സിപിഎമ്മിലെ ജില്ലയിലെ പ്രമുഖന്റെ ബിനാമി നിക്ഷേപവും മൈലപ്ര ബാങ്കിലുണ്ട്.
സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ടു പോകാന്‍ വന്ന പ്രസിഡന്റിനെയും ഭരണ സമിതി അംഗങ്ങളെയും തടഞ്ഞു വച്ചതിനാണ് ജീവനക്കാരെ ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇക്കാര്യം മറച്ചു വച്ച് മറ്റു കാര്യങ്ങള്‍ സൂചിപ്പിച്ചാണ് സസ്പെന്ഷന് ഉത്തരവ്. മൈലപ്ര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള മൂന്നു ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ രാത്രി സിപിഎം പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാങ്ക് പ്രസിഡന്റും ഏരിയാ കമ്മറ്റി അംഗവുമായ ജെറി ഈശോ ഉമ്മന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സസ്പെന്ഷന് പിന്‍വലിക്കുക, കുറ്റക്കാര്‍ നിയമനടപടി നേരിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മൈലപ്ര ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയാണ് ജെറി ഈശോ ഉമ്മന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.
രാഷ്ട്രീയ അഭയം തേടി സിപിഎമ്മിലെത്തിയ ജെറിയെ ചില ജില്ലാ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമരം. പ്രകടനത്തിന് മൈലപ്ര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി റോബിന് തോമസ്, ലോക്കല്‍ കമ്മറ്റിയംഗം ജോഷ്വ കെ. മാത്യു എന്നിവര്‍ നേതൃത്വം നല്കി. ജെറി ഈശോ ഉമ്മന്റെ വീടിന് ഗേറ്റിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ തൂക്കി. പന്തം കൂട്ടിയിട്ട് കത്തിച്ചു. പ്രസിഡന്റിനെതിരേ പരസ്യ പ്രതിഷേധം നടത്തുമെന്ന് കഴിഞ്ഞ ദിവസം ബ്രാഞ്ച് കമ്മറ്റികള്‍ ലോക്കല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു.
ജെറി ഈശോ ഉമ്മനെ സഹായിക്കുന്ന ജില്ലാ നേതൃത്വം സമരം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. ബ്രാഞ്ച് സെക്രട്ടറിമാരെ അടക്കം സസ്പെന്‍ഡ് ചെയ്യാനാണ് സാധ്യത.
മൈലപ്ര സഹകരണ ബാങ്ക് തകര്‍ക്കാന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമമെന്ന്
ബാങ്ക് പ്രസിഡന്റ്
മൈലപ്ര: സഹകരണ ബാങ്ക് തകര്‍ക്കാന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ചില ആളുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ അറിയിച്ചു.
ജീവനക്കാരില്‍ ചിലര്‍ മനഃപൂര്‍വം ബാങ്കിനെ കരിവാരി തേക്കുന്നു. ബാങ്കിന്റെ രേഖകള്‍ പുറത്തു വിടുകയും ചെയ്യുന്നുണ്ട്. നിക്ഷേപകരില്‍ ഭീതി ഉയര്‍ത്തി 18 കോടി രൂപ പിന്‍വലിപ്പിച്ചു.
പെട്ടെന്ന് അത്രയും തുക പിന്‍വലിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഈ സമയത്ത് ബാങ്കിന്റെ ശാഖകള്‍ ഭരണ
സമിതിയുടെ അറിവോ സമ്മതമോ അനുവാദമോ ഇല്ലാതെ ജീവനക്കാരില്‍ ചിലര്‍ ഏകപക്ഷീയമായി ഏപ്രില്‍ 18 മുതല്‍ അടച്ചിട്ടു. ഹെഡ് ഓഫീസില്‍ എത്തി അവിടെ ശാഖകളുടെ പണമിടപാട് ഉള്‍പ്പെടെ ഇവര്‍ നടത്തി. ശാഖകള്‍ അടച്ചിട്ടപ്പോള്‍ ലോണ്‍ അടയ്ക്കുവാനും സ്വര്‍ണം പണയം വയ്ക്കുവാനും വന്നവര്‍ ബുദ്ധിമുട്ട് അനുഭവിച്ചു. ബാങ്കില്‍ അരാജകത്വമാണെന്ന് വരുത്തി തീര്‍ക്കാന്‍ ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നില്‍ സമരം നടത്തി.
ബാങ്ക് ഭരണസമിതി ചേര്‍ന്ന് ശാഖകള്‍ തുറക്കാന്‍ മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. അച്ചടക്ക നടപടിയുടെ ഭാഗമായി അക്കൗണ്ടന്റ് കെ.വി. അര്‍ച്ചന, ജൂനിയര്‍ ക്ലാര്‍ക്കുമാരായ തോമസ് ഡാനിയേല്‍, പ്രിനു ടി. മാത്യൂസ് എന്നിവരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുവെന്നും പ്രസിഡന്റ്
അറിയിച്ചു.
ഇപ്പോള്‍ നിക്ഷേപകരില്‍ ചിലരെ തെറ്റിദ്ധരിപ്പിച്ചു ബാങ്കിനെതിരെ പ്രചാരണം നടത്തുവാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. കോവിഡ് കാലത്തു ലോണ്‍ കുടിശിക ഇനത്തില്‍ വന്‍ തുകയാണ് ബാങ്കിന് കിട്ടാനുള്ളത്. ഭരണസമിതി നേതൃത്വത്തില്‍ ജീവനക്കാരുടെ സഹകരണത്തോടെ ഊര്‍ജിത കുടിിക നിവാരണം ശക്തമാക്കിയിരിക്കുകയാണെന്നും അതോടൊപ്പം ബാങ്കിന് ലഭിക്കുവാനുള്ള പണം ലഭ്യമാക്കുന്നതിനും ശ്രമിച്ചു വരികയാണെന്നും പ്രസിഡന്റ് അറിയിച്ചു.