സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴ തുടരും

0 second read
0
0

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും അതിതീവ്ര മഴ തുടരും. അടുത്ത രണ്ട് ദിവസങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും എട്ടിടത്ത് ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ല്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

അതേസമയം കനത്ത മഴയില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്ടവുമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി.പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മീരാ സാഹിബ്, അന്‍വര്‍, മുഹമ്മദ് ഹനീഫ എന്നീ മത്സ്യ തൊഴിലാളികള്‍ തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തില്‍ സുരക്ഷിതമായെത്തിയെന്ന് വിവരം ലഭിച്ചു. ഇവരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി തേങ്ങാപട്ടണത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ബോണക്കാട്ട് മണ്ണിടിച്ചില്‍,മിന്നല്‍ പ്രളയ സാദ്ധ്യത മുന്‍നിര്‍ത്തി നാട്ടുകാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. പെരുമ്പാവൂരില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും വിവിധ റോഡുകളില്‍ വെളളക്കെട്ടുണ്ട്. എങ്കിലും മഴയെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ ചൂടേറിയ പ്രചാരണത്തിലാണ്.

ആലുവയില്‍ ഇരുപതോളം വീടുകളിലേക്ക് വെളളംകയറി. മദ്ധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് വ്യാപകമായി മഴ പെയ്തത്. കൂട്ടുമാടം ക്ഷേത്രത്തില്‍ മഴയില്‍ മരം വീണു. ആലപ്പുഴ കാര്‍ത്തികപ്പളളിയില്‍ മരംവീണ് വീട് ഭാഗികമായി തകര്‍ന്നു. സംസ്ഥാന വ്യാപകമായി മണ്ണിടിച്ചില്‍ സാദ്ധ്യതയുളള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…