പത്തനാപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ മുന്‍ സൈനികനായ യുവാവ് പിടിയില്‍. അടൂര്‍ മൂന്നാളം ചരുവിളയില്‍ വീട്ടില്‍ ദീപക് ചന്ദി(29)നെയാണ് പൊലീസ് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
പത്തനാപുരം ചെളിക്കുഴി സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. മൊബൈല്‍ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ദീപക് രണ്ടു വര്‍ഷം മുന്‍പ് അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു.
ഇതിന് ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. വയനാട്ടില്‍ റിട്ട. ഡിഎഫ്ഓയില്‍ നിന്ന് മകന് സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ പുല്‍പ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് ഡിഎഫ്ഓയെ പറ്റിയത്. പുല്‍പ്പളളി ഫോറസ്റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്റെ ചെലവില്‍ താമസിച്ച് അടിച്ചു പൊളിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയില്‍ ആറന്മുളയില്‍ ലഭിച്ച പരാതിയിലും കേസുണ്ട്.
മല്ലപ്പുഴശ്ശേരി തെക്കേമല നെല്ലിക്കാട്ടില്‍ വീട്ടില്‍ ബാബുക്കുട്ടി എന്നയാളില്‍ നിന്നും മകന്‍ ബിനോബാബുവിന് ഡിഫെന്‍സ് സെര്‍വീസില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് 2020 മേയ് 14 ന് 3.5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.
പത്തനംതിട്ട, കണ്ണുര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ഇയാള്‍ക്കെതിരായ കേസ് അധികവും. പിടികൂടിയ വിവരം പുറത്തു വരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കാറിന് മുന്നിലും പിന്നിലും ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് ചുവന്ന ബോര്‍ഡ് സ്ഥാപിച്ചാണ് തട്ടിപ്പിന് ഇറങ്ങിയിരുന്നത്. ഇതു കണ്ട് വിശ്വസിച്ചാണ് പലരും പണം കൊടുത്തത്. പിന്നീടാണ് തട്ടിപ്പുകാരനാണെന്ന് അറിഞ്ഞത്. ഇയാളെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാളെ സൈന്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്.