കോഴിക്കോട്: കൂളിമാട് കടവില്‍ നിര്‍മാണത്തിലിരിക്കെ ബീമുകള്‍ തകര്‍ന്നുവീണ പാലത്തില്‍ നാളെ (ബുധനാഴ്ച) പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം. അന്‍സാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തകര്‍ന്ന പാലം പരിശോധിക്കുക.
ഹൈഡ്രോളിക്ക് സംവിധാനത്തിലെ തകരാറാണ് പാലം വീഴാന്‍ കാരണമെന്നാണ് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വിശദീകരണം. ഇതുള്‍പ്പെടെ വിജലന്‍സ് സംഘം പരിശോധിക്കും. റോഡ് ഫണ്ട് ബോര്‍ഡും പാലത്തില്‍ പരിശോധന നടത്തും.
അതേസമയം പാലത്തിന്റെ നിര്‍മാണത്തില്‍ അഴിമതി നടന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വീഴ്ചയില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും തുല്യപങ്കുണ്ടെന്നും യു.ഡി.എഫ്. ആരോപിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗും മുസ്ലിം ലീഗും രംഗത്തെത്തിയുണ്ട്. നിര്‍മാണത്തിലെ അപാകത, അഴിമതി എന്നിവ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കാനാണ് യൂത്ത് ലീഗിന്റെ നീക്കം. ഇതില്‍ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.