ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ :ഡി.എന്‍.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കാനാവില്ല- സുപ്രീംകോടതി

1 second read
0
0

ന്യൂഡല്‍ഹി: ഡി.എന്‍.എ. പരിശോധനയ്ക്ക് താത്പര്യമില്ലാത്തവരെ അതിന് നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി. ബന്ധം തെളിയിക്കാന്‍ മറ്റു തെളിവുകളുണ്ടെങ്കില്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് ഉത്തരവിടുന്നതില്‍നിന്ന് കോടതികള്‍ സ്വാഭാവികമായി വിട്ടുനില്‍ക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സ്വത്തുവകകളുടെ ഉടമസ്ഥതാവകാശത്തില്‍ പരാതിക്കാരനെ അയാളുടെ താത്പര്യത്തിന് വിരുദ്ധമായി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കാമോ, പരിശോധനയ്ക്ക് സ്വയമേധയാ സമ്മതിക്കാത്ത വ്യക്തിക്ക് വസ്തുവിലെ അവകാശം തെളിയിക്കാന്‍ മറ്റു രേഖകള്‍ ഹാജരാക്കാന്‍ യോഗ്യതയുണ്ടോ, സമ്മതമില്ലാത്ത വ്യക്തിയെ പരിശോധനയ്ക്ക് നിര്‍ബന്ധിക്കാമോ എന്നീ വിഷയങ്ങളാണ് പരിശോധിച്ചത്.

കക്ഷികളുടെ താത്പര്യം, സത്യം പുറത്തുവരേണ്ടതിന്റെ ആവശ്യകത, സാമൂഹിക- സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചുവേണം ഇതുപോലുള്ള കേസില്‍ തീരുമാനമെടുക്കാനെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇത്തരം പരിശോധനകള്‍ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതും വലിയ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. അച്ഛനില്ലാത്തവനായി മുദ്രകുത്തപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും സ്വകാര്യതാ ലംഘനവും വലുതാണെന്നും സുപ്രീംകോടതി പറഞ്ഞു.

ഹരിയാണ സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ പങ്കുതേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കോടതിയിലെത്തിയത്. ദമ്പതിമാരുടെ പെണ്‍മക്കളാണ് കേസിലെ എതിര്‍കക്ഷികള്‍. ബന്ധം തെളിയിക്കാന്‍ അശോക് കുമാറിനെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പെണ്‍മക്കള്‍ ആവശ്യപ്പെട്ടു. അവകാശവാദം തെളിയിക്കാന്‍ ആവശ്യത്തിന് രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അശോക് കുമാര്‍ എതിര്‍ത്തു. പരിശോധനയ്ക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് വിചാരണക്കോടതി വിധിച്ചു. വിചാരണക്കോടതി വിധി തള്ളി ഹൈക്കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണ് സുപ്രീംകോടതിയിലെത്തിയത്.

 

Load More Related Articles
Load More By Editor
Load More In National

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…