കൊച്ചി: കൊച്ചി മെട്രോയുടെ തുടര്‍ന്നുള്ള വികസനത്തിന് കേരള എംപിമാര്‍ ശ്രമിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് രംഗത്ത്. എംപി എന്ന നിലയില്‍ മെട്രോയ്ക്കായി പാര്‍ലമെന്റിന് അകത്തും പുറത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈബി കുറിപ്പില്‍ വ്യക്തമാക്കുന്നു.
‘ഇലക്ഷന് കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും. കാരണം ഇതു ഞങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്തു രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല. മറിച്ച് ഇത് എറണാകുളത്തിന്റെ, തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.- ഹൈബി കുറിച്ചു.
പൂര്‍ണരൂപം വായിക്കാം:
ആറു വര്‍ഷമായി കേരളം ഭരിച്ചിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെക്കുറിച്ച് എംപി മാരോടു ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് അറിയുവാന്‍ എഴുതുന്നു. എംപി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബര്‍ 6 നാണ് പാര്‍ലമെന്റിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ ശ്രീ.ജഗദാംബിക പാലിന് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ഇതിന് പ്രകാരം നവംബര്‍ 8 ന് തന്നെ അര്‍ബന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി, അര്‍ബന്‍ ഡെവലപ്പ്മെന്റ് മിനിസ്ട്രിക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്കുകയുണ്ടായി. പിന്നീട് 2020 മാര്‍ച്ച് മാസം 17ന് വിഷയം പാര്‍ലമെന്റിലെ ശൂന്യ വേളയില്‍ ഉന്നയിച്ചു.
2021 ജനുവരിയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ അര്‍ബന്‍ ഡെവലപ്പ്മെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി മുന്‍പാകെ ആദ്യ പരിഗണന നല്കി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ടം തന്നെയായിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹര്‍ദീപ് സിങ് പുരിയെ ബെന്നി ബെഹനാന് എംപിയോടൊപ്പം സന്ദര്‍ശിച്ചു. ഏറ്റവും ഒടുവില്‍ 2021 ഓഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയന് ബജറ്റില്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനും കത്ത് നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി നല്‍കിയിട്ടുണ്ട് എന്ന മറുപടിയും ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിരുന്നു. 2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ കോണ്‍ഫറന്‍സില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് ക്ലിയറന്‍സ് ലഭിച്ചതായും കേന്ദ്ര മന്ത്രി സഭയുടെ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ രേഖകള്‍ പരിശോധിച്ചാല്‍ മാത്രം മതിയാകും.
2020 സെപ്റ്റംബറില്‍ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ അനുമതികള്‍ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. ‘രാഷ്ട്രീയ ഇച്ചാശക്തി’ കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാന്‍ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. ആ പറഞ്ഞ സാധനം ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കോ, ഗാന്ധി പ്രതിമയ്ക്ക് മുന്നിലിരുന്ന് സമരം ചെയ്യാന്‍ പോലും എംപി മാര്‍ക്ക് കഴിഞ്ഞില്ലല്ലോ എന്ന് വിലപിക്കുന്ന ഞങ്ങളുടെ ജില്ലയിലെ മന്ത്രിയ്ക്കോ ഇല്ലാതെ പോയത് എംപിമാരുടെ കുറ്റമല്ല.
അല്പം പുറകോട്ടു തിരിഞ്ഞു നോക്കിയാല്‍ നമുക്ക് കാണാം അത്തരത്തില്‍ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മന്‍ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരണത്തിന്റെ പാതയില്‍ എത്തിയത്. ഇലക്ഷന് കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും. കാരണം ഇത് ഞങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല. മറിച്ച് ഇത് എറണാകുളത്തിന്റെ,തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.