ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കി.
കൊറോണാവാക് (സിനോവാക്), കോവിഷീല്‍ഡ് എന്നീ വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് ഇനി ഓസ്‌ട്രേലിയയില്‍ എത്തുന്നതിന് തടസ്സമില്ല. വരും ആഴ്ചകളില്‍, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തരതീരുമാനങ്ങള്‍ പരിഷ്‌കരിക്കുകയും കൂടുതല്‍ യാത്രാ ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.
നേരത്തേ, ഈ വാക്‌സിനുകള്‍ എടുത്തവര്‍ ഓസ്‌ട്രേലിയയില്‍ എത്തിയാല്‍ 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ആയിരക്കണക്കിനുപേര്‍ക്ക് ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.