കൊല്ലം: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന് 10 വര്‍ഷം കഠിന തടവ്. ബിഎഎംഎസ് വിദ്യാര്‍ഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണു ജീവനൊടുക്കിയത്. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു കോടതി വ്യക്തമാക്കി. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയ കിരണ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.
ശക്തമായ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായെന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് പറഞ്ഞു. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങള്‍ മനസ്സില്‍നിന്നും മായുന്നില്ലെന്നും ഫോണ്‍ സംഭാഷണങ്ങള്‍ കോടതിയില്‍ കേള്‍പ്പിച്ചപ്പോള്‍ വിസ്മയയുടെ മാതാപിതാക്കള്‍ വിങ്ങിപ്പൊട്ടിയെന്നും മോഹന്‍രാജ് പറഞ്ഞു. അന്വേഷണം ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് നേതൃത്വം നല്‍കിയ ഡിവൈഎസ്പി പി.രാജ്കുമാര്‍ പ്രതികരിച്ചു.