അടൂര്‍: ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പന ശാല കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ച കേസില്‍ രണ്ടു അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. മദ്യവില്‍പ്പനശാലയിലെ സിസിടിവിയുടെ ഡിവിആര്‍ അടക്കം മോഷ്ടിച്ചു കടന്നതിനാല്‍ യാതൊരു തുമ്പും കിട്ടാതിരുന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് എസ്ഐ മനീഷിന്റെ മിടുക്കു കൊണ്ടു മാത്രമാണ്. പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഗോല്‍പോക്കര്‍ സ്വദേശി സംഷാദ്(28), ബാബന്‍ബാരി ജെഹിര്‍ ആലം(20) എന്നിവരാണ് പയ്യന്നൂര്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ നിന്ന പൊലീസ് പിടിയിലായത്.
മേയ് ആറിനാണ് അടൂര്‍ ബൈപ്പാസിലെ മദ്യവില്‍പ്പന ശാലയില്‍ മോഷണം നടന്നത്. പണം സൂക്ഷിച്ചിരുന്ന ഇരുമ്പ് ചെസ്റ്റ് പൊളിക്കാന്‍ സാധിക്കാിതിരുന്നതിനാല്‍ മൊബൈല്‍ ഫോണുകളും, സി.സി.ടി.വി ഡി.വി.ആറുകളും കൈക്കലാക്കി പ്രതികള്‍ രക്ഷപ്പെട്ടു. മുപ്പത്തിനായിരത്തില്‍പരം രൂപയുടെ വിദേശ മദ്യം മോഷണം പോയെന്നാണ് മദ്യശാല അധികൃതര്‍ പറയുന്നത്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കും.
ആറിന് രാവിലെ ജീവനക്കാര്‍ വിദേശമദ്യശാല തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബിവറേജ് ഷോപ്പിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ തറയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ലോക്കര്‍ കുത്തിപ്പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ബിവറേജ് ഔട്ട്ലെറ്റിലെ മേശകളും അലമാരയും തകര്‍ത്ത പ്രതികള്‍ സമീപത്തെ ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറുകളും മദ്യക്കുപ്പികളും മൊബൈല്‍ ഫോണുകളും എടുത്തു കൊണ്ട് പോവുകയായിരുന്നു.
പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡി.വി.ആറുകള്‍ നഷ്ടപ്പെട്ടതിനാല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ടൗണിന് സമീപമുള്ള നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് പ്രതികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ആണെന്ന സൂചന ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും അടൂര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും അരിച്ചുപെറുക്കി അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് പ്രതികള്‍ കോട്ടയം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു.
കോട്ടയത്ത് ദിവസങ്ങളോളം തങ്ങി അന്വേഷണം നടത്തിയതിനെ തുടര്‍ന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സംഷാദിനെ കണ്ണൂര്‍, പയ്യന്നൂരില്‍ നിന്നും, രണ്ടാം പ്രതി ജെഹീറിനെ എറണാകുളം, ഇടപ്പള്ളിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആര്‍.ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സൂരജ്, ജോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ദിവസവും 25 ലക്ഷത്തിലധികം രൂപ വിറ്റുവരവുള്ളതാണ് അടൂരിലെ ഈ വിദേശ മദ്യശാല. മുമ്പ് നാല് സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ബൈപ്പാസിലുള്ള ഹോട്ടലിലെ മുന്‍ ജീവനക്കാരനായിരുന്ന ഒന്നാം പ്രതിയെ സ്വഭാവ ദൂഷ്യം മൂലം ജോലിയില്‍ നിന്നും പറഞ്ഞു വിട്ടിരുന്നു. ബിവറേജില്‍ സുരക്ഷാ ജീവനക്കാരില്ലായെന്ന വിവരം അറിയാവുന്ന ഒന്നാം പ്രതി രണ്ടാം പ്രതിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.പ്രതികളില്‍ നിന്നും മോഷണമുതലുകള്‍ പോലീസ് കണ്ടെത്തി. പ്രതികള്‍ സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.