കോഴഞ്ചേരി: വിവിധ കാലയളവുകളില്‍ ആറന്മുള പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരായി പൈതൃക ഗ്രാമത്തിന് കാവലായിരുന്ന മൂന്നു പേര്‍ക്ക് ഒരുമിച്ച് ഡിവൈ.എസ്പിമാരായി സ്ഥാനക്കയറ്റം.
എസ്. നന്ദകുമാര്‍, കെ.ആര്. പ്രതീക്, ജി. സന്തോഷ്കുമാര്‍ എന്നിവരാണ് പുതിയ പ്രമോഷന് ലിസ്റ്റില്‍ ഡിവൈ.എസ്പിമാരായത്. മൂവരും ചുമതലയേറ്റു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ആറന്മുള ക്ഷേത്ര നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ, ഇന്‍സ്പെക്ടര്‍ തസ്തികയില്‍ സേവനമനുഷ്ടിച്ചവരാണ് മൂവരും. ഒറ്റ ബാച്ചുകാരും പത്തനംതിട്ട ജില്ലക്കാരുമാണ്.
ആറന്മുള എസ്ഐയായി ആദ്യമെത്തിയത് പ്രതീക് ആയിരുന്നു. പിന്നീട് നന്ദകുമാറും വന്നു. സ്റ്റേഷന് ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് ആക്കുകയും കോഴഞ്ചേരി സര്‍ക്കിള്‍ ആറന്മുളയാക്കി മാറ്റുകയും ചെയ്തതിന് ശേഷമാണ് ജി. സന്തോഷ്കുമാര്‍ ഇവിടെ ഡ്യൂട്ടി ചെയ്തത്.
ഇതില്‍ നന്ദകുമാറിന്റെ ആറന്മുള ബന്ധം തുടരും. അദ്ദേഹം ഡിവൈ.എസ്.പിയായി ചുമതല ഏറ്റിരിക്കുന്ന പത്തനംതിട്ട സബ് ഡിവിഷനില്‍ തന്നെയാണ് ആറന്മുള സ്റ്റേഷനും വരുന്നത്. സന്തോഷ് കുമാര്‍ കൊല്ലത്ത് ഡിസിആര്‍ബി ഡിവൈഎസ്പിയാണ്. സാമ്പത്തീക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ വിങ്ങില്‍ തിരുവനന്തപുരത്താണ് പ്രതീകിന് നിയമനം.