
കണ്ണൂര്‍: സില്‍വര്‍ലൈനിലെ ഓരോ സെക്ഷനിലും ആവശ്യമായ വേഗം തീവണ്ടികള്‍ സ്വയം നിയന്ത്രിക്കുമെന്ന് കെ.ആര്‍.ഡി.സി.എല്‍. സ്റ്റോപ്പില്‍ വണ്ടി താനേ നില്‍ക്കും. സ്റ്റേഷനില്‍ എത്തുമ്പോള്‍ വാതിലുകള്‍ തുറക്കും. മുഴുവന്‍ അടഞ്ഞുകഴിഞ്ഞാല്‍ മാത്രമേ വണ്ടി നീങ്ങൂ. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെ.ആര്‍.ഡി.സി.എല്‍.) ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്.
സിഗ്‌നല്‍ നല്‍കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനും യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഇ.ആര്‍.ടി.എം.എസ്.) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇ.ടി.സി.എസ്.) ആണ് ഉപയോഗിക്കുന്നത്.
ബട്ടണമര്‍ത്തി ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തുകഴിഞ്ഞാല്‍ വണ്ടിയുടെ വേഗം എന്‍ജിന്‍ ഡ്രൈവര്‍ നിയന്ത്രിക്കേണ്ടതില്ല. വളവിലും കയറ്റത്തിലുമൊക്കെ സ്വയം നിയന്ത്രിച്ച് വണ്ടി മുന്നോട്ടുപോകും. ഡ്രൈവര്‍ക്ക് അശ്രദ്ധ സംഭവിച്ചാല്‍പോലും എമര്‍ജന്‍സി സ്റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കും. വണ്ടികളുടെ സ്ഥാനം, വേഗം, ആക്സിലറേഷന്‍, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങള്‍ എന്നിവ അറിയാനുള്ള ഓട്ടോമാറ്റിക് ട്രെയിന്‍ ഓപ്പറേഷന്‍ ഓവര്‍ ഇ.ടി.സി.എസ്. -ലെവല്‍ രണ്ട് ഉപയോഗിക്കുന്നു.