കീവ് :കിഴക്കന്‍ യുക്രെയ്‌നിലെ ചെറുനഗരങ്ങള്‍ പിടിച്ചെടുത്ത് റഷ്യന്‍ സേന മുന്നേറ്റം തുടരുമ്പോള്‍, പ്രശ്‌നത്തിനു നയതന്ത്ര പരിഹാരത്തിനു സന്നദ്ധമാകാന്‍ റഷ്യയോടു ജര്‍മനിയും ഫ്രാന്‍സും അഭ്യര്‍ഥിച്ചു. കിഴക്കന്‍ ഡോണ്‍ബാസില്‍ കനത്ത തെരുവുയുദ്ധം തുടരുന്ന സീവിയറോഡോണെറ്റ്‌സ്‌ക് നഗരത്തിനു സമീപമുള്ള ലിമന്‍ പട്ടണം പിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ റെയില്‍വേ ഹബ്ബാണ്.
നാലാം മാസത്തിലേക്കു പ്രവേശിച്ച യുദ്ധത്തില്‍, ഡോണ്‍ബാസിലെ ലുഹാന്‍സ്‌ക് മേഖല മുഴുവനായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോര്‍ട്ട്. റഷ്യന്‍ അനുകൂല വിമതരും റഷ്യന്‍ സേനയ്‌ക്കൊപ്പം ചേര്‍ന്നാണ് പൊരുതുന്നത്. ലിമനില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോണ്‍ബാസിലെ ഏറ്റവും വലിയ നഗരമായ സീവിയറോഡോണെറ്റ്‌സ്‌ക് വരും ദിവസങ്ങളില്‍ വീഴുമെന്നാണു ബ്രിട്ടിഷ് ഇന്റലിജന്‍സിന്റെ കണക്കുകൂട്ടല്‍. ഇവിടെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 90% കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഡോണ്‍ബാസിലെ പല പ്രദേശങ്ങളും നേരത്തേ തന്നെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ 10,000 റഷ്യന്‍ സൈനികരാണു യുദ്ധമുഖത്തുള്ളത്.
വെടിനിര്‍ത്തലിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് എന്നിവര്‍ റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി 80 മിനിറ്റാണു ഫോണില്‍ സംസാരിച്ചത്.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ചര്‍ച്ച നടത്താനാണ് ഇരുവരും പുട്ടിനോട് ആവശ്യപ്പെട്ടത്. മരിയുപോളിലെ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയില്‍ നിന്ന് യുദ്ധത്തടവുകാരായി പിടിച്ചവരെ വിട്ടയ്ക്കാനും അഭ്യര്‍ഥിച്ചു.