പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ സ്വന്തം പാര്‍ട്ടിയില്‍ വരെ പടയൊരുക്കമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഘടക കക്ഷി നേതാക്കള്‍ക്കും മന്ത്രിയുടെ നിലപാടുകളില്‍ അസംതൃപ്തിയുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് ഇതിന്റെ ഭാഗമാണ്.ഇപ്പോഴിതാ പുതിയൊരു പരാതി വീണയ്ക്കെതിരേ ഉയരുന്നു.
സര്‍ക്കാരിന്റെ പരിപാടികളില്‍ വണ്‍മാന്‍ഷോ നടത്തുകയാണത്രേ ആരോഗ്യമന്ത്രി. സര്‍ക്കാര്‍ പരിപാടികളിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ക്ക് ക്ഷണമുണ്ടാകാറുണ്ട്. ഉദ്ഘാടനത്തിന് വിളക്കു കൊളുത്തുന്നതോ വേദിയില്‍ ഇരിക്കുന്നതോ ആയ ഒരു ചിത്രത്തില്‍ പതിയുക എന്നതാണ് മിക്കവരുടെയും ലക്ഷ്യം. ഇത് പിറ്റേന്നത്തെ പത്രത്തില്‍ അടിച്ചു വരിക കൂടി ചെയ്യുന്നതോടെ അവര്‍ക്ക് സംതൃപ്തിയാണ്.
എന്നാല്‍, ഇപ്പോള്‍ ആ സംതൃപ്തി അവര്‍ക്ക് കിട്ടുന്നില്ല. മന്ത്രിയുടെ എക്സ്ക്ലൂസീവ് ഫോട്ടോകള്‍ മാത്രമാണ് പത്രത്തില്‍ വരുന്നത്. കുടുംബശ്രീയുടെ ഭക്ഷ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ പോയാല്‍ മന്ത്രി ഉഴുന്നു വട ചുടും, പോലീസിന്റെ ആയുധങ്ങളുടെ പ്രദര്‍ശനമാണെങ്കില്‍ തോക്കെടുത്ത് ഉന്നം പിടിക്കും, ടൗണ്‍ഹാള്‍ നവീകരണ ഉദ്ഘാടനത്തിന് പോയാല്‍ തൊട്ടടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ ഊഞ്ഞാലാടും, സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന സമാപനത്തില്‍ കലക്ടര്‍ക്കൊപ്പം ഒരേ വേഷം ധരിച്ച് മന്ദാരച്ചെപ്പുണ്ടോ പാടും.
പ്രചാരമുള്ള പ്രമുഖ പത്രങ്ങളും ചാനലുകളും മന്ത്രിയുടെ ഈ ഓഫ് ബീറ്റ ഷോയ്ക്ക് പിന്നാലെ പോകും. ഉദ്ഘാടന ചടങ്ങില്‍ വന്ന് മണിക്കൂറുകള്‍ കുത്തിപ്പിടിച്ചിരിക്കുന്ന രാഷ്ട്രീയ കക്ഷി നേതാക്കളുടെ പടം എങ്ങും കാണില്ല. പിആര്‍ഡിയുടെ പടങ്ങള്‍ ആശ്രയിക്കുന്ന ചെറുകിട പത്രങ്ങള്‍ മാത്രമാകും അത്തരം ചിത്രങ്ങള്‍ കൊടുക്കുക. അതു കൊണ്ട് ഒരു പ്രയോജനവും നേതാക്കള്‍ക്ക് ഉണ്ടാകുന്നില്ല.
മന്ത്രിയും ഏതാനും മാധ്യമ ഫോട്ടോഗ്രാഫര്‍മാരും ചേര്‍ന്നുള്ള ഈ എക്സ്ക്ലൂസീവ് കൊലച്ചത് മനഃപൂര്‍വമാണെന്ന് ചില നേതാക്കള്‍ പറയുന്നു. മന്ത്രി മാത്രം മതി മറ്റ് നേതാക്കളൊന്നും പടത്തില്‍ വേണ്ട എന്ന കരുട്ടുബുദ്ധിയാണത്രേ ഇത്. ഈ നിലയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ മന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കേണ്ട അവസ്ഥയിലേക്ക് എത്തുമെന്ന് ഇവരില്‍ ചിലര്‍ പറയുന്നു. സിപിഎമ്മിന്റെയും സിപിഐയുടെയും അടക്കം മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോഴാകും മന്ത്രിക്ക് മാത്രമായി ഒരു എക്സ്ക്ലൂസീവ് ഫോട്ടോസെഷന് ഉണ്ടാകാറുള്ളതത്രേ.