തൊടുപുഴ: അമിതവേഗത്തില്‍ എത്തിയ ബൈക്ക് ട്രാന്‍സ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിലേക്കു പതിച്ച സംഭവത്തില്‍ വാഹനം ഓടിച്ച ആള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ. അപകടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ വ്യക്തമാക്കി. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളയാംകുടി എസ്എംഎല്‍ പടിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാന്‍സ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കു പതിക്കുകയായിരുന്നു. ബൈക്ക് വേലിക്കെട്ടിലേക്ക് പതിക്കുന്നതിന് മുന്‍പു യുവാവ് ബൈക്കില്‍നിന്നു തെറിച്ചുവീണതുകൊണ്ട് കാര്യമായ പരുക്കേറ്റില്ല.
അപകടം കണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ ബൈക്ക് ഓടിച്ച യുവാവ് പിന്നാലെ എത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറിപ്പോയി. വിവരമറിഞ്ഞ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ബൈക്ക് പുറത്തെത്തിച്ചത്.